മൂവാറ്റുപുഴയിലെ ജപ്തി വിവാദം; സര്‍ക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്
എന്നാൽ എം.എൽ.എയുടെ പൂട്ടുപൊളിക്കലിനെ നിയമപരമായി നേരിടാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം
മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ ബാങ്കിന്‍റെ ജപ്തി വിവാദത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറയുമ്പോഴും വിഷയം ദലിത് അതിക്രമം എന്ന പേരിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ എം.എൽ.എയുടെ പൂട്ടുപൊളിക്കലിനെ നിയമപരമായി നേരിടാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം.
മൂവാറ്റുപുഴ അർബൻ ബാങ്കിന്‍റെ ജപ്‌തി നടപടികൾ വിവാദമായതോടെ വിഷയത്തിൽ രാഷ്ട്രീയപ്പോരും മുറുകുകയാണ്. എൽ.ഡി.ഫ് സർക്കാരിന്‍റെ കാലത്ത് ദലിത് വിഭാഗത്തിന് നേരെ കടുത്ത അതിക്രമങ്ങൾ നടക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ട്വന്‍റി- ട്വന്‍റി പ്രവർത്തകൻ ദീപുവിന്‍റെ മരണമടക്കം സംസ്ഥാനത്തു ദലിതർ നേരിടുന്ന പല പ്രശ്നങ്ങളിലും സർക്കാർ മൗനം പാലിക്കുന്നുവെന്ന വിമർശനവും കോൺഗ്രസ് ഉയർത്തുന്നു.
മാത്യു കുഴൽനാടൻ എം.എൽ.എ നടത്തിയത് ആസൂത്രിതമായ നീക്കമാണെന്ന വിലയിരുത്തലിലാണ് സി.പി.എം. പൂട്ട് പൊളിച്ചത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും ഇക്കാര്യത്തിൽ എം.എൽ.എയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് ബാങ്ക് ആലോചിക്കുന്നത്.