കെ റെയിൽ: ഡി.പി.ആർ അന്തിമമല്ല; വിമർശനങ്ങളെ ഗൗരവമായി കാണുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ
ഡി.പി.ആർ പുറത്തുവന്നതോടെ പദ്ധതിക്കെതിരെ വൻ വിമർശനമുയർന്നിരുന്നു. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പദ്ധതി കാരണമാവുമെന്നായിരുന്നു പ്രധാന വിമർശനം.
കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട്) അന്തിമമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. മലപ്പുറത്ത് കെ റെയിലിനെക്കുറിച്ച് വിശദികരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഡി.പി.ആർ സർക്കാർ മുറുകെപ്പിടിക്കില്ല. ആവശ്യമായ മാറ്റം വരുത്തും. വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.
ഡി.പി.ആർ പുറത്തുവന്നതോടെ പദ്ധതിക്കെതിരെ വൻ വിമർശനമുയർന്നിരുന്നു. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പദ്ധതി കാരണമാവുമെന്നായിരുന്നു പ്രധാന വിമർശനം. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
നിലവിൽ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് താൽക്കാലികം മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മീഡിയാവൺ എഡിറ്റോറിയലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന് അദ്ദേഹവും പറഞ്ഞു.