'കൺവീനറെ ക്ഷണിച്ചിട്ടാണോ വരിക, നമ്മളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ'; ഇ.പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാത്തതിൽ എം.വി ഗോവിന്ദൻ

കോഴിക്കോട്ട്‌ സെമിനാർ നടക്കുമ്പോൾ സ്‌നേഹ വീടിന്റെ താക്കോൽദാനത്തിനായി ഇ.പി തിരുവനന്തപുരത്താണുള്ളത്

Update: 2023-07-15 05:17 GMT
Advertising

കോഴിക്കോട്ട് നടക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെയുള്ള സി.പി.എം സെമിനാറിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗൗരവമുള്ള സെമിനാറിൽ മുതിർന്ന നേതാവായ ഇ.പി ജയരാജൻ പങ്കെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ചിരിയായിരുന്നു ആദ്യ ഉത്തരം. സ്വാഗത സംഘം രൂപീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതനുസരിച്ചാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും എല്ലാവരും പങ്കെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. അപ്പോൾ ഇടതു മുന്നണിയുടെ കൺവീനറാണ് അദ്ദേഹമെന്ന് ഓർമപ്പെടുത്തിയപ്പോൾ 'മനസ്സിലായി, കൺവീനറെയൊന്നും ആരും ക്ഷണിക്കേണ്ടതില്ല. നമ്മളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നത്' എന്നായിരുന്നു മറുപടി. എന്ത് കൊണ്ടാണ് വരാത്തതെന്നും പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

സെമിനാറിൽ നിന്ന് മാറി നിൽക്കുന്നത് മോശം പ്രവണതായാണോയെന്ന ചോദ്യത്തിൽ 'നിങ്ങൾക്ക് ഇപ്പോൾ വേണ്ടതെന്നായിരുന്നു' മറുചോദ്യം. ഇനിയും നിരവധി പരിപാടികൾ നടക്കാനുണ്ടെന്നും കോഴിക്കോട്ട് ജനറൽ സെക്രട്ടറി തന്നെ പങ്കെടുക്കുന്നുണ്ടെന്നും പാർട്ടി സെക്രട്ടറിയെന്ന നിലയിലാണ് താൻ വന്നതെന്നും പറഞ്ഞു. അപ്പോൾ എൽഡിഎഫ് കൺവീനർ വേണ്ടേയെന്ന ചോദ്യത്തിന് എൽഡിഎഫ് പരിപാടിയല്ലെന്നും സിപിഎം പരിപാടിയാണെന്നും നിങ്ങൾക്ക് ഇതല്ലാതെ വേറെ പരിപാടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. കോഴിക്കോട്ടെ സെമിനാറിൽ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ പങ്കെടുക്കില്ല. കോഴിക്കോട്ട്‌ സെമിനാർ നടക്കുമ്പോൾ ഇ പി തിരുവനന്തപുരത്താണുള്ളത്. തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ നിർമിച്ച് നൽകുന്ന സ്‌നേഹ വീടിന്റെ താക്കോൽദാനത്തിനാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

ഏകീകൃത സിവിൽകോഡിൽ ബിജെപിയ്‌ക്കോ ആർഎസ്എസ്സിനോ താൽപര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വർഗീയ ധ്രുവീകരണമാണ് അവർ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. മറുനാടൻ പൊലീസ് വയർലെസ് ചോർത്തിയതിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ജോർജ് എം തോമസിനെ പുറത്താക്കിയ കാര്യം മാത്രമേ മാധ്യമങ്ങളോട് പറയേണ്ടതുള്ളൂവെന്നും മറ്റുള്ളതൊക്കെ സംഘടനാ കാര്യമാണെന്നും വ്യക്തമാക്കി.

Full View

അതിനിടെ, സെമിനാറിൽ പങ്കെടുക്കാത്തതിലൂടെ തന്നോടുള്ള പാർട്ടി നിലപാടിലെ അനിഷ്ടം പ്രകടിപ്പിക്കുകയാണ് ഇ.പി ജയരാജൻ. യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നും ഇ.പി ജയരാജൻ തന്റെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നുവെങ്കിലും പലതിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

കോഴിക്കോട്ടെ സുപ്രധാന സെമിനാറിൽ സംസ്ഥാനത്തെ ഉന്നത സിപിഎം നേതാവ് പങ്കെടുക്കാതിരിക്കുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാണ്. മുതിർന്ന നേതാവെന്ന പരിഗണന തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ തന്നെ പരിഗണിക്കാതെ എംവി ഗോവിന്ദനെ സെക്രട്ടറിയാക്കിയതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്ന് മാറിനിൽക്കുന്ന ഇ.പി കണ്ണൂരിലുണ്ടായിരിക്കേ പ്രധാന പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.

അതേസമയം, ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്‌ലിം ക്രിസ്ത്യൻ ദലിത് സംഘടാ നേതാക്കൾ പങ്കെടുക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടം ചെയ്യും. സെമിനാർ പ്രഖ്യാപിച്ചതുമുതൽ തുടങ്ങി വിവാദങ്ങൾ ഇപ്പോഴും സജീവമാണ്.

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ തലത്തിൽ തന്നെ നടക്കുന്ന ആദ്യ ജനകീയ പരിപാടിയാണ് ഇന്ന് കോഴിക്കോട് സ്വപ്ന നഗരിയിൽ സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാർ. സി. പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ എൽ.ഡി.എഫിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് എം.വി ഗോവിന്ദൻ മാസ്റ്റർ, എളമരം കരീം ഇ. കെ വിജയൻ, ജോസ് കെ, മാണി, ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു വിഭാഗം സമസ്തകളെ പ്രതിനിധീകരിച്ച് സി.മുഹമ്മദ് ഫൈസി, എൻ.അലി അബ്ദുല്ല , ഉമർഫൈസി, പി.എം അബ്ദുസലാം ബാഖവി തുടങ്ങിയവർ സെമിനാറിൽ സംസാരിക്കും. മുജാഹിദ് സംഘടനാ നേതാക്കളും എം.ഇ. എസും സെമിനാറിൻറെ ഭാഗമാകും. താമരശ്ശേരി രൂപതയുടെ സി.എസ്.ഐ സഭയുടെയും പ്രതിനിധികളാണ് ക്രിസ്ത്യൻ വിഭാഗത്തെ പ്രതിനിധീകരിക്കുക. പുന്നല ശ്രീകുമാർ, രാമഭദ്രൻ തുടങ്ങി ദലിത് നേതാക്കളും എസ്.എൻ.ഡി.പി പ്രതിനിധിയും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. സെമിനാറിനെ വലിയ വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി.പി.എം.

CPM State Secretary MV Govindan reacts to LDF convener EP Jayarajan's non-participation in the seminar against Uniform Civil Code being held in Kozhikode.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News