കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: മുഖ്യ സൂത്രധാരൻ പിടിയിൽ
ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്
കൊല്ലം:കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്.രണ്ട് പ്രതികളാണ് ഇനികേസിൽ പിടിയിലാകാനുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതികൾ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രാജപ്പൻ, പ്രതികളെ സഹായിച്ച അതുൽ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.