പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എം.വി മുഹമ്മദ് സലീം മൗലവി അന്തരിച്ചു

ഇത്തിഹാദുൽ ഉലമാ കേരളയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു.

Update: 2023-08-23 06:44 GMT
Advertising

കോഴിക്കോട്: പ്രമുഖ ഇസ് ലാമിക പണ്ഡിതൻ എം.വി മുഹമ്മദ് സലീം മൗലവി (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രഗത്ഭനായ പണ്ഡിതൻ, വാഗ്മി, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ ആറ് പതിറ്റാണ്ടിലധികം കാലം ഇസ്‌ലാമിക പ്രബോധന മണ്ഡലത്തിൽ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്. ഇത്തിഹാദുൽ ഉലമാ കേരളയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു.

മണ്ണിശ്ശേരി വീരാൻ കുട്ടി-ആച്ചുമ്മ ദമ്പതികളുടെ മകനായി 1941-ൽ മലപ്പുറം ജില്ലയിലെ മൊറയൂരിലാണ് ജനനം. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-1965-ൽ ശാന്തപുരം ഇസ്ലാമിയാ കോളേജ്, മധുര കാമരാജ് യൂണിവേഴ്സിറ്റി, ഖത്വർ അൽ മഅ്ഹദുദ്ദീനി എന്നിവിടങ്ങളിലായിരുന്ന പഠനം. സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. ഖുർആൻ, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ സവിശേഷ പഠനം നടത്തിയിട്ടുണ്ട്. കാസർകോട് ആലിയ അറബിക് കോളേജ്, ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളജ്, കുറ്റ്യാടി ഇസ്ലാമിയ കോളജ്, ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കുറച്ച് കാലം പ്രബോധനം വാരികയിലും സേവനമനുഷ്ഠിച്ചു.

14 വർഷം ഖത്തറിൽ സഊദി അറേബ്യൻ എംബസിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഖത്തർ വഖ്ഫ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്രഭാഷകനായിരുന്നു. ഖത്തർ റേഡിയോയിലും ടെലിവിഷനിലും നിരവധി പ്രഭാഷണങ്ങൾ നടത്തി. ഖത്തർ ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ സ്ഥാപകാംഗം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ശരീഅ മർക്കസ് കൗൺസിൽ മെമ്പർ, ഖത്തർ ഇൻഫർമേഷൻ മന്ത്രാലയത്തിൽ പത്രമാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കുന്ന സമിതിയംഗം, ഇത്തിഹാദുൽ ഉലമാ കേരള പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.

ഭാര്യമാർ: സഫിയ, ആഇശാ ബീവി. മക്കൾ: സുമയ്യ, മുന, അസ്മ, സാജിദ, യാസ്മിൻ, സുഹൈല, ബനാൻ, ഉസാമ, അനസ്, യാസിർ, അർവ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News