നാദാപുരം വീടാക്രമണ കേസ്; പൊലീസിനെ വെല്ലുവിളിച്ച പ്രതി പിടിയിൽ
കണ്ണൂർ ചിറക്കലിനടുത്ത് ബന്ധുവീട്ടിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്.
പൊലീസിനെ ഭീഷണിപ്പെടുത്തിയ നാദാപുരം വീടാക്രമണ കേസിലെ പ്രതി ഷമീം പൊലീസ് പിടിയിൽ. കണ്ണൂർ ചിറക്കലിനടുത്ത് ബന്ധുവീട്ടിൽ നിന്നാണ് കണ്ണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഷമീം പൊലീസിനെ വെല്ലുവിളിക്കുന്ന വീഡിയോ മീഡിയവൺ പുറത്തുവിട്ടിരുന്നു. വീടാക്രമണത്തിന് പുറമെ പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുക്കും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാദാപുരം കടമേരിയില്‍ എട്ടംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്തിയത്. ഇതിനു പിന്നാലെ സിനിമാരംഗങ്ങളെ പോലും വെല്ലുന്ന പ്രകടനവുമായാണ് പ്രധാന പ്രതി ഷമീം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായെത്തിയത്. നാദാപുരം എസ്.ഐയെ അഭിസംബോധന ചെയ്തായിരുന്നു ഭീഷണി. ആയുധമെടുക്കാത്തതു കൊണ്ടാണ് അന്ന് അടിയില്‍ കലാശിച്ചത്. അല്ലെങ്കില്‍ പലതും നടന്നേനെയെന്നായിരുന്നു വീഡിയോയിലെ പരാമര്‍ശം.
പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ക്വട്ടേഷന്‍ സംഘം കടമേരി സ്വദേശി നിയാസിന്റെ വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ നാട്ടുകാര്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഷമീമിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് യാതൊരു കൂസലുമില്ലാതെ ഇയാൾ ഇൻസ്റ്റഗ്രാമിൽ ഭീഷണിയുമായി വീഡിയോ പോസ്റ്റ് ചെയ്തത്.
Nadapuram house attack case; Defendant arrested who challenging police