ജലീൽ ആദ്യം സിമി, പിന്നെ നിരവധി സംഘടനകളെ ഒറ്റിയെന്ന് നജീബ് കാന്തപുരം
പാർട്ടിയേയും സമുദായത്തേയും വിറ്റു കാശാക്കാൻ നോക്കിയപ്പോഴാണ് അതിനെ എതിർത്തത് എന്നായിരുന്നു ജലീലിന്റെ മറുപടി.
തിരുവനന്തപുരം: നിയമസഭയിൽ നജീബ് കാന്തപുരം-കെ.ടി ജലീൽ ഏറ്റുമുട്ടൽ. ജലീൽ ആദ്യം സിമി ആയിരുന്നു. പിന്നെ നിരവധി സംഘടനകളെ ഒറ്റി. ഭാവിയിൽ ജലീൽ സിപിഎമ്മിനേയും ഒറ്റും. സി.എച്ചിനെ മാത്രം വായിച്ചാൽ പോരാ, ഇഎംഎസിനെയും ജലീൽ വായിക്കണം. മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച് ഇഎംഎസ് എന്താണ് പറഞ്ഞതെന്ന് ജലീൽ പഠിക്കണമെന്നും നജീബ് പറഞ്ഞു.
തൃശൂർ മണ്ഡലം തന്നെ പിണറായി ബിജെപിക്ക് മറിച്ചുകൊടുത്തു. ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കികൊടുക്കാൻ മലയാളികളുടെ വിശ്വാസത്തെയാണ് സിപിഎം അട്ടിമറിച്ചത്. ഏത് തരത്തിലുള്ള വർഗീയതയും ഉപയോഗിക്കാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്ന കഥ പറയുമ്പോൾ തങ്ങൾക്കും അഭിമാനമുണ്ട്. അന്ന് കേരളം ഭരിച്ചത് കോൺഗ്രസ് ആയിരുന്നു. സിപിഎമ്മിന്റെ വാല ബിജെപിയുടെ അമ്മിക്കല്ലിന് അടിയിലാണെന്നും നജീബ് പരിഹസിച്ചു.
പാർട്ടിയേയും സമുദായത്തേയും വിറ്റു കാശാക്കാൻ നോക്കിയപ്പോഴാണ് അതിനെ എതിർത്തത് എന്നായിരുന്നു ജലീലിന്റെ മറുപടി. അങ്ങനെ ഒറ്റുകാരനാവുകയാണെങ്കിൽ ഇനിയും ഒറ്റുമെന്നും ജലീൽ പറഞ്ഞു.