"സിദ്ദീഖ് കാപ്പൻ വിഷയം സഭയിൽ ഉന്നയിക്കാൻ സർക്കാർ അനുമതി നിഷേധിച്ചു"

ഒരു വർഷത്തിലേറെയായ അന്യായ തടവിനെതിരെ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം.എൽ.എ.

Update: 2021-11-12 09:00 GMT
Editor : Suhail | By : Web Desk
Advertising

ഉത്തർപ്രദേശിൽ തടവറയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കേരള സർക്കാർ അലംഭാവം കാണിക്കുന്നതായി നജീബ് കാന്തപുരം എം.എൽ.എ. യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഫാസിസ്റ്റ് സർക്കാർ ഒരു വർഷത്തോളമായി തടവിലിട്ടിരിക്കുന്ന സിദ്ദീഖ് കാപ്പനെ പുറത്തിറക്കുന്നതിനുവേണ്ടി പിണറായി സർക്കാർ ചെറുവിരലനക്കിയില്ലെന്നും എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഒരു വർഷത്തിലേറയായി വിചാരണപോലുമില്ലാതെ സിദ്ദീഖ് കാപ്പൻ യു.പി തടവറയിലാണ്. മനുഷ്യത്വരഹിതമായാണ് യോഗി സർക്കാർ അദ്ദേഹത്തെ പീഡിപ്പിക്കുന്നത്. എന്നാൽ, ഈ അന്യായ തടവിനെതിരെ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ സിദ്ദീഖ് കാപ്പന്റെ വിഷയം സബ്മിഷനായി കൊണ്ടുവരാൻ പലവട്ടം ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലെന്നാണ് അതിന് കാരണമായി പറഞ്ഞത്. ഒരു ചെക്ക് കേസിൽ അകത്തായ തുഷാർ വെള്ളാപ്പള്ളിക്കായി യു.എ.ഇ സർക്കാരിൽ പോലും സമ്മർദം ചെലുത്തിയ പിണറായി വിജയൻ, സിദ്ദീഖ് കാപ്പനു വേണ്ടി ഒന്നും ചെയ്തില്ല.

സിദ്ദീഖ് കാപ്പന്റെ ഭാര്യയുടെ കണ്ണുനീരിന് ഒരു വിലയും സർക്കാർ നൽകിയില്ല. ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാരിന് ഭയമാണ്. ആരുടെ കയ്യിലാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് തിരിച്ചറിയാൻ ഇതിലും വലിയ അനുഭവം ഇനി വേണ്ടതില്ലെന്നും, ഇക്കാര്യത്തിൽ യോഗിയും പിണറായിയും തമ്മിൽ എന്താണു വ്യത്യാസമെന്നും എം.എൽ.എ എഫ്.ബിയിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സിദ്ദീഖ്‌ കാപ്പനെ ആർക്കാണ്‌ പേടി?

മലയാളിയായ ഒരു മാധ്യമ പ്രവർത്തകൻ ഒരു വർഷമായി വിചാരണ പോലുമില്ലാതെ യു.പി പോലീസിന്റെ കള്ളക്കേസിൽ ജയിലിനകത്താണ്‌. നീതിക്ക്‌ വേണ്ടി വലിയ മുറവിളികളുയർന്നിട്ടും കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒന്നിച്ച്‌ ശ്രമിച്ചിട്ടും യോഗിയുടെ ഫാസിസ്റ്റ്‌ സർക്കാർ ഒരു അയവും വരുത്തിയില്ല. മാത്രമല്ല രോഗിയായ കാപ്പനെ മനുഷ്യത്വ രഹിതമായി പീഢിപ്പിക്കുകയാണ്‌.

എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത്‌ പിണറായി സർക്കാറിന്റെ നിലപാടാണ്‌. ഒരു ചെക്ക്‌ കേസിൽ തുഷാർ വെള്ളാപ്പള്ളി അകത്തായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ യു.എ.ഇ സർക്കാറിൽ പോലും സമ്മർദ്ദം ചെലുത്തിയ പിണറായി സിദ്ദീഖ്‌ കാപ്പനു വേണ്ടി ചെറുവിരൽ അനക്കിയില്ലെന്ന് മാത്രമല്ല കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നൽകിയില്ല.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സബ്മിഷനായി കൊണ്ട്‌ വരാൻ നിരന്തരമായി ഞാൻ ശ്രമിച്ചു. സ്പീക്കറുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടു. സഭ അവസാനിക്കുന്നതിനു തൊട്ട്‌ മുമ്പ്‌ വീണ്ടും ശ്രമിച്ചു. അതുമാത്രം അനുവദിക്കപ്പെട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലെന്നാണ്‌ ഒടുവിലത്തെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ ആരുടെ കയ്യിലാണെന്ന് തിരിച്ചറിയാൻ ഇതിലും വലിയ അനുഭവം ഇനി വേണ്ട.

കാപ്പന്റെ വിഷയം കേരള നിയമസഭ ചർച്ച ചെയ്യുന്നത്‌ പോലും നിങ്ങൾക്ക്‌ അസഹ്യമാണെങ്കിൽ യോഗിയും പിണറായിയും തമ്മിൽ എന്താണ്‌ വ്യത്യാസം ?

Full View

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News