'ഇന്ന് അവളുടെ പിറന്നാളാണ്, വൈകുന്നേരം ജീവനില്ലാതെയാണ് മോള് വന്നത്'; പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് നമിതയുടെ മാതാപിതാക്കള്‍
മകളുടെ അപ്രതീക്ഷിതമായ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും രക്ഷിതാക്കൾക്ക് കഴിഞ്ഞിട്ടില്ല
കൊച്ചി: മൂവാറ്റുപുഴയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് മരിച്ച നമിതയുടെ രക്ഷിതാക്കൾ. നമിതയുടെ അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഇന്ന് നമിതിയുടെ ഇരുപതാം പിറന്നാളാണ്, ആഘോഷങ്ങൾ നടക്കേണ്ട വീട്ടിലേക്ക് ഇന്നലെയാണ് നമിതയുടെ ചേതനയറ്റ ശരീരം എത്തിയത്. പിറന്നാളിനെക്കുറിച്ചൊക്കെ പറഞ്ഞാണ് പരീക്ഷക്ക് പോയത്. എന്നാല്‍ ഉച്ചയായിട്ടും അവള്‍ വന്നില്ല. വൈകുന്നേരമായപ്പോള്‍ ജീവനില്ലാതെയാണ് അവള്‍ വീട്ടിലേക്ക് കയറിവന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ബികോം അവസാന വർഷ വിദ്യാർഥിയായ നമിതയ്ക്ക് സിഎ പഠിച്ച് കുടുംബത്തിന് താങ്ങാകണമെന്നായിരുന്നു ആഗ്രഹം. മകളുടെ അപ്രതീക്ഷിതമായ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും രക്ഷിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന്കാരണക്കാരനായ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ പ്രതിയായ ആൻസണെതിരെ നരഹത്യ കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയുടെഅറസ്റ്റിലേക്ക് കടന്നിട്ടില്ല. അപകടത്തിൽ പരിക്കേറ്റ പ്രതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കും തുടർനടപടി. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതുകൊണ്ടു തന്നെ ആൻസണിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് മോട്ടോർവാഹന വകുപ്പും കടക്കും. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടി.