രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം: പ്രധാനമന്ത്രി കൊച്ചിയിലെത്തി
കേരളത്തിലെ എട്ട് ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക
എറണാകുളം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചിയിൽ വിമാനമിറങ്ങിയ മോദി 5.30ന് റോഡ് ഷോയിൽ പങ്കെടുത്തു. ആറ് മണിക്ക് തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം-23 പരിപാടിയിലും പങ്കെടുക്കുകയാണ്. ഏഴ് മണിക്ക് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.
ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ഒരു മണിക്കൂറോളം പ്രധാനമന്ത്രി ചർച്ച നടത്തുമെന്നാണ് സൂചന. കേരളത്തിലെ എട്ട് ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച ആഴ്ചകൾക്ക് മുന്നേ തീരുമാനിച്ചിരുന്നതാണ്.
ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച അതീവ പ്രാധാന്യത്തോടെയാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കലാണ് കൂടിക്കാഴ്ചയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ജോർജ് ആലഞ്ചേരിയുടെയും ജോസഫ് പംപ്ലാനിയുടെയും ബി.ജെ.പി അനുകൂല പ്രസ്താവനകൾ ചർച്ചചെയ്യപ്പെട്ട സാഹചര്യം കൂടി പരിഗണിച്ചാണ് ഈ കൂടിക്കാഴ്ച. ഇതിലൂടെ കേരളത്തിൽ വേരുറപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുകയാണ് ബി.ജെ.പി.
അതേസമയം, യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവം കോൺക്ലേവ് നടക്കുന്ന വേദി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുകയാണ്. റോഡ് ഷോ നടക്കുന്ന ഭാഗത്തേക്ക് പ്രവർത്തകരെ കയറ്റി വിട്ടിരുന്നു. ഇതിനിടയിൽ ബൈക്കിൽ എത്തിയ അനീഷ് വേദിക്ക് മുന്നിലേക്ക് ചാടിയിറങ്ങി കയ്യിൽ കരുതിയ യൂത്ത് കോൺഗ്രസ് പതാക വീശി മോദി ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പിന്നാലെ പ്രദേശത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ അനീഷിനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഉടൻ തന്നെ പൊലീസ് ഇടപെട്ട് അനീഷിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാവിലെ പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ കനത്ത സുരക്ഷക്കിടയിലും യുവം കോൺക്ലേവ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു.