'കഴിഞ്ഞ ബുധനാഴ്ചയാണ് പോയത്, രാത്രി രണ്ടുമണിവരെ ഭാര്യയുമായി സംസാരിച്ചിരുന്നു'; മരിച്ചവരിൽ ചാവക്കാട് സ്വദേശിയും
ബിനോയിയുടെ മൃതദേഹം സുഹൃത്ത് തിരിച്ചറിഞ്ഞെന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചു
ചാവക്കാട്: കുവൈറ്റ് തീപിടുത്തത്തിൽ ചാവക്കാട് സ്വദേശി ബിനോയിയുടെ മരണം സ്ഥിരീകരിച്ചു.ബിനോയിയുടെ മൃതദേഹം സുഹൃത്ത് തിരിച്ചറിഞ്ഞെന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചു. ബിനോയിയുടെ സുഹൃത്ത് ഇക്കാര്യം അറിയിച്ചെന്ന് പാസ്റ്റർ കുര്യാക്കോസ് ചക്രമാക്കലി മീഡിയവണിനോട് പറഞ്ഞു.
മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെത്തിയാണ് സുഹൃത്ത് തിരിച്ചറിഞ്ഞതെന്നു കുര്യാക്കോസ് പറഞ്ഞു. 'കഴിഞ്ഞ ബുധനാഴ്ചയാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. വൈകിട്ടുള്ള വിമാനത്തിലാണ് കുവൈത്തിലേക്ക് പോയത്,വ്യാഴാഴ്ച മുതല്‍ ജോലിക്ക് കയറി. തീപിടിത്തം നടന്ന ദിവസം ഭാര്യയോട് പുലർച്ചെ രണ്ടുമണിവരെ ഫോണിൽ സംസാരിക്കുകയും ചെയ്തു. പിന്നെ ഒരുവിവരമുണ്ടായിരുന്നില്ല...ഇതോടെയാണ് കുടുംബത്തിന് ആശങ്ക തോന്നുകയും ഇക്കാര്യം സുഹൃത്തുക്കളുമായി വിവരം പങ്കുവെക്കുകയും ചെയ്തു.തുടർന്നാണ് സുഹൃത്താണ് ആശുപത്രിയിലെത്തി മൃതദേഹം കണ്ട് സ്ഥിരീകരിച്ചത്'.കുര്യാക്കോസ് പറഞ്ഞു. അതേസമയം, മരണത്തെക്കുറിച്ച് സർക്കാറിൽ നിന്ന് ഔദ്യോഗികമായ അറിയിപ്പ് കുടുംബത്തിന് ലഭിച്ചിട്ടില്ല.
അതേസമയം, കുവൈത്തിലെ വൻ തീപിടിത്തത്തിൽ ഇതുവരെ മരിച്ച 20 മലയാളികളെ തിരിച്ചറിഞ്ഞു. ആകെ 24 മലയാളികൾ മരിച്ചെന്ന്നോർക്ക റൂട്സ് അറിയിച്ചു. മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ പ്രവാസികള്‍ താമസിക്കുന്ന അബ്ബാസിയ, ഖൈത്താൻ, മഹ്ബൂല പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കെട്ടിടങ്ങളില്‍ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന.