കെ. സുരേന്ദ്രന്‍റെ കേരള പദയാത്രക്ക് ഇന്ന് കാസർകോട്ട് തുടക്കം
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ കേരള പദയാത്രക്ക് ഇന്ന് കാസർകോട്ട് തുടക്കമാകും. വൈകീട്ട് മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർകോട് മേൽപ്പറമ്പിലാണ് ആദ്യ ദിവസത്തെ യാത്രയുടെ സമാപനം.
രാവിലെ മധൂർ ക്ഷേത്രദർശനത്തോടെയാണ് കെ. സുരേന്ദ്രന്റെ ജില്ലയിലെ പരിപാടികൾ തുടങ്ങുക. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്കാരിക നേതാക്കളുടെ സ്നേഹസംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലുമാണ് പദയാത്ര.
ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഒമ്പത്, 10, 12 തിയതികളിൽ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും.
Summary: NDA Kerala padayatra led by BJP president K Surendran to start from Kasaragod today