താമരശ്ശേരിയിൽ ഭർത്താവിൻ്റെ മർദനമേറ്റ യുവതിക്ക് ആവശ്യമായ സഹായം നൽകും: വനിതാ-ശിശു വികസന വകുപ്പ്
കാഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ഭർത്താവിൻറെ മർദനമേറ്റ യുവതിക്ക് ആവശ്യമായ സഹായം നൽകുമെന്ന് വനിതാ-ശിശു വികസന വകുപ്പ്. കാഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. കേസിൽ യുവതിയുടെ വിശദമായ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.
കേസിൽ അറസ്റ്റിലായ ഭർത്താവ് ബഹാവുദ്ധീൻ അൽത്താഫ് ജാമ്യത്തിലിറങ്ങി ഉപദ്രവിക്കുമോ എന്നതടക്കമുള്ള ആശങ്ക യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു. യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകും. നിയമസഹായം നൽകുന്നതിനൊപ്പം, ചികിത്സ സഹായവും, പ്രത്യേക ധനസഹായവും നൽകുമെന്ന് വനിതാ ശിശു വികന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് താമരശ്ശേരി ഉണ്ണികുളം സ്വദേശിയായ പത്തൊമ്പത് കാരിക്ക് ഭർത്താവിൻറെ ക്രൂരമർദനമേറ്റത്. സ്ത്രീധനത്തിൻറെ പേരിലാണ് യുവതിയെ ഭർത്താവ് മർദിച്ചതെന്നും , നേരത്തെയും അതിക്രമമുണ്ടായിട്ടുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു . കൈകാലുകൾക്ക് സാരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് .
കേസന്വേഷിക്കുന്ന താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. താമരശ്ശേരി ഇൻസ്‌പെക്ടർ സത്യനാഥ്, സി.പി.ഓ രജിത എന്നിവരാണ് മൊഴി രേഖപ്പെടുത്തിയത്. വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നതടക്കം പൊലീസ് പരിശോധിക്കും. തുടർന്നാകും റിമാൻഡിൽ കഴിയുന്ന യുവതിയുടെ ഭർത്താവ് ബഹാവുദ്ധീനെ കസ്റ്റഡിയിൽ വാങ്ങുക.