പത്രപ്രവര്‍ത്തനത്തില്‍ തുടക്കം; അരങ്ങിലേക്ക് കൈപിടിച്ചാനയിച്ചത് കാവാലം
978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായ നെടുമുടി വേണുവിന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ താരങ്ങള്‍ക്കൊപ്പവും മത്സരിച്ചഭിനയിക്കുന്ന നടന്‍.
ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയ അതുല്യ പ്രതിഭകളുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി.
ചമ്പക്കുളം ശ്രീവിദ്യ കോളജ് എന്ന പാരലല്‍ കോളജില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ ജോലി .അക്കാലത്തു പല നാടകങ്ങളും എഴുതി അവതരിപ്പിക്കുമായിരുന്നു. അങ്ങനെയൊരു നാടകത്തിന്റെ വിധികര്‍ത്താവായി കാവാലം നാരായണപ്പണിക്കര്‍ എത്തി. നെടുമുടി വേണുവിനെ ഇഷ്ടപ്പെട്ട് അദ്ദേഹം നേരിട്ടു കാണാന്‍ വിളിപ്പിച്ചു. താളവും ചുവടും വായ്ത്താരിയുമൊക്കെ ചേര്‍ന്ന കാവാലം കളരി അങ്ങനെ അദ്ദേഹത്തിന്റെ ജീവതത്തിന്റെ ഭാഗമായി.
1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.