നീറ്റ് പരീക്ഷാ ആരോപണങ്ങൾ ​ഗൗരവതരം; അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി കെ.സി വേണു​ഗോപാൽ എം.പി

ദേശീയ പരീക്ഷാ ഏജന്‍സി ഏതാനും ഉദ്യോഗാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ആശങ്കാജനകമാണ്.

Update: 2024-06-08 11:51 GMT
Advertising

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും പരീക്ഷയുടെ വിശ്വാസ്യതയ്ക്കാണ് കോട്ടം തട്ടിയിരിക്കുന്നതെന്നും കെ.സി വേണു​ഗോപാൽ എം.പി. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണങ്ങൾ വരെയാണ് ഉയർന്നിരിക്കുന്നത്. അതിനാൽതന്നെ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നിലനിർത്താനുള്ള അടിയന്തര നടപടികൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാവണമെന്ന് എം.പി ആവശ്യപ്പെട്ടു. ക്രമക്കേടുകളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാറിന് കത്ത് നല്‍കിയെന്നും കെ.സി വേണു​ഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായതിൽ ദുരൂഹതയുണ്ട്. ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ) ഏതാനും ഉദ്യോഗാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ആശങ്കാജനകമാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ക്രമക്കേടും ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിദ്ധീകരിച്ച ഫലത്തെ സംശയത്തോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നോക്കിക്കാണുന്നത്.

അതിനാൽ ചോദ്യപേപ്പര്‍ സജ്ജീകരണം, പരീക്ഷാ നടത്തിപ്പ്, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം എന്നിവ ഉള്‍പ്പെടെ പരീക്ഷാ പ്രക്രിയയുടെ നീതിക്കും സുതാര്യതയ്ക്കും കോട്ടംവരുത്തിയ വീഴ്ചകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

ഇതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ ഡൽഹി ഹൈക്കോടതിയും ഇടപെട്ടു. അടുത്ത ബുധനാഴ്ചയ്ക്കകം വിശദീകരണം നൽകാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് ആവശ്യപ്പെട്ടു. നേരത്തെ കൊൽക്കൊത്ത ഹൈക്കോടതി എൻടിഎയോട് പത്തു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.

നീറ്റ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു വിദ്യാഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് അസ്വാഭാവികമായി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും പരീക്ഷയ്ക്ക് ആവശ്യമായ സമയം ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് സാധാരണ ലഭിക്കാനിടയില്ലാത്ത 718, 719 മാർക്കുകൾ ലഭിച്ചതെന്നുമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം.

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം നിഷേധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി രം​ഗത്തെത്തി. എൻടിഎ സുതാര്യമായ ഏജൻസി ആണെന്നും ആറ് പരീക്ഷാ കേന്ദ്രങ്ങളിലാണ് സമയക്രമത്തിൻ്റെ പരാതി ഉയർന്നതെന്നും പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തിയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും എൻടിഎ ചെയർമാൻ സുബോദ് കുമാർ സിങ് പറഞ്ഞു. ഗ്രേസ് മാർക്കിൽ അപാകതകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

കെ.സി വേണു​ഗോപാൽ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News