നീറ്റ്‌ പി.ജി. പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകതകൾ പരിഹരിക്കണം: കേരള എം.പിമാർ കേന്ദ്രമന്ത്രിയെ കണ്ടു

വിദ്യാർഥികൾക്ക് കേരളത്തിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു

Update: 2024-08-02 13:53 GMT
Advertising

ഡൽ​ഹി: നീറ്റ്‌ പി.ജി. പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ‍യെ നേരിൽ കണ്ടു നിവേദനം നൽകി. വിദ്യാർഥികൾക്ക് കേരളത്തിൽ തന്നെ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും അത് സാധ്യമല്ലെങ്കിൽ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്ന് പരീക്ഷ എഴുതുന്ന 1000-ലധികം കുട്ടികൾക്ക് വിശാഖപട്ടണം, ഹൈദരാബാദ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലാണ് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത്. പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ വിദ്യാർഥികൾക്ക് റെയിൽവേ ടിക്കറ്റ് ലഭ്യമല്ല. വിമാന ടിക്കറ്റ് നിരക്ക് വളരെ കൂടുതലായതിനാൽ ആ വഴിയും ബുന്ധിമുട്ടാണ്.  ഇത്തരത്തിൽ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്താണ് എം.പിമാർ കേന്ദ്രമന്ത്രിയുടെ ഇടപ്പെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയത്. സാധ്യമായ എല്ലാ സഹകരണവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മന്ത്രി അറിയിച്ചതായി എംപിമാർ പറഞ്ഞു. 2024 ഓഗസ്റ്റ് 11നാണ് പരീക്ഷ.

എം.പിമാരായ അടൂർ പ്രകാശ്, അബ്ദുൽ സമദ് സമദാനി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ശശി തരൂർ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, കെ. രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് കേന്ദ്രമന്ത്രിയെ കണ്ട് ആവശ്യം അറിയിച്ചത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News