‘ബിജെപിക്ക് മുന്നിൽ വിനീതദാസനായി നിൽക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം’; പിണറായിയുടെ പഴയ പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കി നെറ്റിസൺസ്
2014 സെപ്റ്റംബർ 30നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്
കോഴിക്കോട്: ബിജെപിക്ക് മുന്നിൽ വിനീതദാസനായി നിൽക്കുന്ന ആഭ്യന്തര മന്ത്രി അപമാനമാണെന്ന പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കി നെറ്റിസൺസ്. സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസുമായി ചർച്ച നടത്തിയെന്ന ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് നിലവിലെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്റെ പോസ്റ്റ് വീണ്ടും ചർച്ചയാകുന്നത്.
‘ബിജെപിക്ക് മുന്നിൽ വിനീതദാസനായി നിൽക്കുന്ന രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം’ എന്നാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. 2014 സെപ്റ്റംബർ 30നാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. എംജി കോളജ് ആക്രമണക്കേസിൽ ആർഎസ്എസുകാർക്കെതിരായ കേസ് പിൻവലിച്ചതിനെതിരെയായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പോസ്റ്റ്.
ആർഎസ്എസ് മനസ്സുള്ള ആഭ്യന്തര മന്ത്രിയാണ് രമേശ് ചെന്നിത്തലയെന്നും വർഗീയ കക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.
എൽഡിഎഫ് അധികാരത്തിൽ വന്നശേഷം, മുമ്പും പിണറായിയുടെ ഈ പോസ്റ്റ് യുഡിഎഫ് പ്രവർത്തകരടക്കം കുത്തിപ്പൊക്കിയിരുന്നു. 2016ൽ ആര്‍.എസ്.എസ് ക്യാമ്പില്‍ ആയുധപരിശീലനം നടത്തുന്നു എന്ന റിപ്പോര്‍ട്ടിൻമേല്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ച് അന്നത്തെ എംഎൽഎ വി.ടി ബൽറാം രംഗത്തുവരികയുണ്ടായി. അന്ന് പിണറായിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് തന്നെയാണ് വി.ടി ബൽറാം വിമർശനത്തിന് ഉപയോഗിച്ചത്.