നെവിൻ ഡാൽവിന്റെ മരണവാർത്തയറിഞ്ഞ ​ഞെട്ടലിൽ ജന്മനാട്

സംഭവമറിഞ്ഞ് നെവിന്റെ അമ്മയുടെ സഹോദരൻ ഡൽഹിയിലേക്ക് പുറപ്പെട്ടു

Update: 2024-07-28 10:42 GMT
Advertising

കൊച്ചി: ഡൽഹിയിലെ ഐ.എ.എസ് പരിശീലന കേന്ദ്രത്തിലുണ്ടായ ദുരന്തത്തിൽ നെവിൻ ഡാൽവിൻ മരിച്ച വാർത്തയറിഞ്ഞ ഞെട്ടലിലാണ് നാട്. എറണാകുളം അങ്കമാലിക്കടുത്ത് നീലേശ്വരത്തെ ലാൻസ് വില്ലയിൽ റിട്ട. ഡി.വൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസറായ ഡോ. ടി. എസ്. ലാൻസലെറ്റിന്റെയും മകനാണ്.

തിരുവനന്തപുരം സ്വദേശിയായ നെവിന്റെ കുടുംബം അമ്മയുടെ ജോലി സംബന്ധമായാണ് കൊച്ചിയിൽ താമസിക്കുന്നത്. ആലുവയിലെ പള്ളിയിലെത്തിയപ്പോഴാണ് നെവിന്റെ മാതാപിതാക്കൾ മരണവാർത്ത അറിയുന്നത്. ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന നെവിന്റെ മരണവാർത്ത  നാട്ടുകാരടക്കം പലരും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. 

സംഭവമറിഞ്ഞ് നെവിന്റെ അമ്മയുടെ  സഹോദരൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് റോജി എം ജോൺ എംഎൽഎ മീഡിയവണ്ണിനോട് പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് വലിയ അനാസ്ഥയാണ് മൂന്നുപേർ കൊല്ലപ്പെടാൻ കാരണമെന്ന് ഹാരിസ് ബീരാൻ എം.പി പറഞ്ഞു.  

അതേസമയം ഡൽഹിയിലെ ഐ.എ.എസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. അപകടം നടന്ന രാജേന്ദ്ര നഗറിലെ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ ഉടമ അഭിഷേക് ​ഗുപ്ത, കോഡിനേറ്റർ ദേശ്പാൽ സിങ് എന്നിവരാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധ മൂലമുള്ള മരണം എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. 'രജിന്ദർ ന​ഗർ പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ് സംഹിത 105 (മനഃപൂർവമല്ലാത്ത നരഹത്യ), 106 (1) (അവിവേകമോ അശ്രദ്ധമോ ആയ പ്രവൃത്തിയിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണം), 115 (2) (മനഃപൂർവം മുറിവേൽപ്പിക്കുക), 290, 35 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കോച്ചിങ് സെന്റർ ഉടമയെയും കോഡിനേറ്ററേയും ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്'- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം. ഹർഷ വർ‌ധൻ പറഞ്ഞു.

'കെട്ടിടത്തിൽ പരിശോധനയും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ചിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരിച്ചവരെ തിരിച്ചറിയുകയും മൂന്നു പേരുടെയും കുടുംബത്തെ അറിയിച്ചിട്ടുമുണ്ട്'- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിറ്റിയിൽ കെട്ടിടങ്ങളുടെ ബേസ്മെന്റിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകൾക്കുമെതിരെ നടപടിയെടുക്കാൻ ഡൽഹി മേയർ ഷെല്ലി ഒബ്റോയി ഉത്തരവിട്ടു. ഇത്തരം കോച്ചിങ് സെന്ററുകൾ ബിൽഡിങ് ബൈ-ലോയുടെ ലംഘനമാണെന്നും മാനദണ്ഡങ്ങൾക്ക് എതിരാണെന്നും അവർ പറഞ്ഞു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ ദുരന്തത്തിന് ഉത്തരവാദികളാണോ എന്ന് അറിയാൻ അടിയന്തര അന്വേഷണം നടത്തണമെന്നും മേയർ കൂട്ടിച്ചേർത്തു.

അപകടത്തില്‍ മലയാളിയടക്കം മൂന്നു വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. എറണാകുളം അങ്കമാലി സ്വദേശിയായ നെവിൻ ഡാൽവിൻ (28) ആണ് മരിച്ച മലയാളി. യു.പി അംബേദ്കർ ന​ഗർ സ്വദേശിനി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി തനിയ സോണി (25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. കെട്ടിടത്തിൽ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി.

സംഭവത്തിൽ വൻ പ്രതിഷേധമാണ് വിദ്യാര്‍ഥികളിൽ നിന്നുണ്ടായത്. കെട്ടിടത്തിൽ വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അപകടത്തിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ കോച്ചിങ് സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു.

കോച്ചിങ് സെന്ററിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾ മരിക്കാൻ കാരണം ബയോ​മെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡോർ ലോക്കായതുകൊണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. ബയോമെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഏക വാതിലാണ് ലൈബ്രറിയിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും ഉപയോഗിക്കുന്നത്. വെള്ളം കയറിയതോടെ വൈദ്യുതിബന്ധം നഷ്ടമായി. ഇതോടെ ബയോമെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാതിലിന്റെ പ്രവർത്തനവും സ്തംഭിച്ചു.

ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആറു മണിയോടെയാണ് ബേസ്‌മെൻ്റിലേക്ക് വെള്ളം കയറാൻ തുടങ്ങിയത്. രക്ഷപ്പെടാൻ ​ശ്രമിച്ചെങ്കിലും വാതിൽ ലോക്കായെന്ന് വിദ്യാർഥികൾ പറയുന്നു. വൈദ്യുതി നിലച്ചാൽ ലൈബ്രറിക്കുള്ളിൽ പൂട്ടിയിട്ട അവസ്ഥയിലാകുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. ഓൾഡ് രജീന്ദർ നഗറിന് സമീപം ശനിയാഴ്ച വൈകുന്നേരം 5.30 നും രാത്രി 8.30 നും ഇടയിൽ 31.5 മില്ലിമീറ്റർ മഴയാണ് പെയ്തന്നൊണ് കാലാവസ്ഥവകുപ്പിന്റെ കണക്കുകൾ പറയുന്നത്.

ഒഴുകിയെത്തിയ വെള്ളം ലൈബ്രറി അടങ്ങുന്ന ബേസ്മെന്റി​ലേക്ക് ഇരച്ചുകയറി. നിമിഷനേരം കൊണ്ട് ബേസ്‌മെൻ്റിൽ 10-12 അടി വെള്ളം നിറഞ്ഞു. ഡോർ ലോക്കായതിനൊപ്പം വെള്ളം കയറിയതോടെ വിദ്യാർഥികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. വെള്ളപ്പൊക്കം തുടങ്ങിയപ്പോൾ 112 എന്ന നമ്പറിലേക്ക് വിളിച്ചിരുന്നെങ്കിലും ഗതാഗതക്കുരുക്ക് കാരണം രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ കഴിഞ്ഞില്ലെന്നും വിദ്യാർഥികൾ പറയുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News