തിരുവനന്തപുരത്ത് നവജാതശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു
11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് കരമന സ്വദേശിയാണ്
തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റു. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികൾ വാങ്ങിയത്. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. നിയമവിരുദ്ധമായ കൈമാറ്റമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു.
ഏപ്രില്‍ ഏഴാം തിയ്യതി ജനിച്ച കുഞ്ഞിനെ 11 ദിവസങ്ങൾക്ക് ശേഷമാണ് കരമന സ്വദേശികളായ ദമ്പതികൾക്ക് വിറ്റത്. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമായിരുന്നു കൈമാറ്റം. നേരത്തെ തന്നെ വില പറഞ്ഞുറപ്പിച്ചതിന് ശേഷം അഡ്വാൻസ് തുക കുഞ്ഞിൻറെ അമ്മയ്ക്ക് നൽകി. 52,000 രൂപയാണ് അഡ്വാൻസായി നൽകിയത്. കുഞ്ഞിനെ കൈമാറിയ ശേഷം രണ്ടു ലക്ഷത്തി നാല്പത്തി എണ്ണായിരം രൂപയും നൽകി. വർഷങ്ങളായി മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നും കുഞ്ഞിന്റെ യഥാർഥ അമ്മ അഞ്ജുവുമായി രണ്ടു വർഷത്തെ സൗഹൃദമുണ്ടെന്നും കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു.
ചൈൽഡ്‍ ലൈൻ പ്രവർത്തകരാണ് കുഞ്ഞിനെ വിറ്റ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സി.ഡബ്ല്യു.സി മുഖേന കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ കേസെടുക്കും. കുഞ്ഞിന്റെ ശരിക്കുള്ള മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.