കെ.ടി.യുവിൽ ഗവർണറുടെ പുതിയ നീക്കം; വി.സിയോട് സഹകരിക്കാത്തവർക്കെതിരെ നടപടിക്കൊരുങ്ങുന്നു
ഇതിനിടെ ഗവർണർക്കെതിരായ ഹരജിയിൽ ഒപ്പിടാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിസമ്മതിച്ചു.
കേരളാ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ഗവർണറുടെ പുതിയ നീക്കം. വി.സിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് ഗവർണർ.
കാരണമില്ലാതെ ജോലിക്ക് എത്താത്തവരോട് വിശദീകരണം വാങ്ങാൻ വി.സിക്ക് ഗവർണർ നിർദേശം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ രാജ്ഭവനെ അറിയിക്കണം. സർവകലാശാല ഭരണo സുഗമമായി നടത്താൻ വേണ്ട പിന്തുണ നൽകുമെന്നും ഗവർണറുടെ ഉറപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ, കെ.ടി.യു താത്കാലിക വി.സി നിയമനത്തിൽ ഗവർണറെ എതിർ കക്ഷിയാക്കി സർക്കാർ ഹരജി സമർപ്പിച്ചു. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹരജി നൽകിയിരിക്കുന്നത്. അഡീഷണൽ സെക്രട്ടറി വഴിയാണ് ഹരജി സമർപ്പിച്ചത്. എന്നാൽ ഹരജിയിൽ ഒപ്പിടാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിസമ്മതിച്ചു.
ഗവർണർ വി.സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു.
അതേസമയം, ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് എല്ലാ വിസിമാരും വിശദീകരണം നൽകി. 10 വൈസ് ചാൻസലർമാരാണ് വിശദീകരണം നൽകിയത്. കണ്ണൂർ വിസി വിശദീകരണം നൽകിയത് അഭിഭാഷകൻ മുഖേനയാണ്.
ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് മറുപടി നൽകിയത്. തന്റെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങൾ നടന്നിട്ടില്ലെന്നാണ് വി.സി നൽകിയ മറുപടിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്.