പുതിയ പബ്ലിക് പ്രോസിക്യൂട്ടർ: മധുവിന്റെ കുടുംബത്തെ സന്ദർശിച്ച് പൊലീസ്

ആദിവാസി സംഘടനകളുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നാണ് മധുവിന്റെ കുടുംബം പൊലീസിനോട് വ്യക്തമാക്കിയത്

Update: 2022-01-28 15:05 GMT
Editor : Shaheer | By : Web Desk
Advertising

അട്ടപ്പാടിയിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ പൊലീസ് സന്ദർശിച്ചു. പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. ആദിവാസി സംഘടനകളുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നാണ് മധുവിന്റെ കുടുംബം പൊലീസിനോട് വ്യക്തമാക്കിയത്.

അഗളി ഡിവൈഎസ്പി ഓഫീസിൽനിന്നാണ് ഉദ്യോഗസ്ഥസംഘം മധുവിന്റെ വീട്ടിലെത്തിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശപ്രകാരമാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികൾ ആരംഭിച്ചത്. സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷനാണ് നിയമവകുപ്പ് സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയത്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കോടതിയിൽ വിചാരണ നീണ്ടുപോകുന്നതായി വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.

മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല. കേസ് പരിഗണിക്കവെ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി അന്വേഷിക്കുകയും ചെയ്തിരുന്നു. കേസിൽനിന്ന് ഒഴിയാൻ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വിടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ, കേസിൽനിന്ന് രാജിവച്ചിട്ടില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്നാണ് കോടതിയിൽ ഹാജരാകാതിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു.

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദനത്തിരയായി മധു കൊല്ലപ്പെടുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിചാരണാനടപടികൾ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽനിന്ന് ഒഴിഞ്ഞിരുന്നു. പിന്നീട് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.

Summary: Police team visits Madhu's family at Attappady over new special public prosecutor

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News