രാമനാട്ടുകര സ്വർണക്കടത്ത് : മൂന്നാമതൊരു സംഘവും കൂടിയുണ്ടെന്ന് കസ്റ്റംസ്
തനിക്ക് വധഭീഷണിയുണ്ടെന്ന് ഷഫീഖ് ജഡ്ജിയെ അറിയിച്ചു
രാമനാട്ടുകര സ്വർണക്കടത്തിൽ കണ്ണൂർ സ്വദേശി യൂസഫിന്റെ നേതൃത്വത്തിൽ മൂന്നാമതൊരു സംഘവും കൂടിയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. യൂസഫിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. ദുബൈയിൽ നിന്നും ഒന്നാം പ്രതിയായ ഷഫീഖിനെ സ്വർണം ഏല്പിച്ച മുഹമ്മദ് ആദ്യം അർജുന് സ്വർണം നൽകണമെന്ന് അറിയിച്ചു. പിന്നീട് കണ്ണൂര് സ്വദേശിയായ യൂസഫിന് നല്കാന് നിർദേശിച്ചു. സ്വർണത്തിന് പണം മുടക്കിയത് കൊടുവള്ളി സംഘത്തിലെ സൂഫിയാനാണ്. പണം മുടക്കിയ ആളെ ഒഴിവാക്കി മറ്റുള്ളവർക്ക് സ്വർണം നൽകുമെന്നറിഞ്ഞതോടെയാണ് സൂഫിയാൻ ചെർപ്പുളശ്ശേരി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതെന്ന് കസ്റ്റ്ംസ് പറയുന്നു.
ഈ മൂന്ന് സംഘവും സ്വർണം കൈക്കലാക്കാന് എത്തിയിരുന്നതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഷഫീഖ് യൂസഫിനെതിരെ മൊഴി നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാന് കസ്റ്റംസ് നോട്ടീസ് നൽകി. നാളെ രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രവന്റീവ് ഓഫിസിലെത്താനാണ് നിര്ദേശം.
ഇതിനിടെ പ്രതിയായ മുഹമ്മദ് ഷഫീഖിൻ്റെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയപ്പോള് തനിക്ക് വധഭീഷണിയുണ്ടെന്ന് ജഡ്ജിയെ അറിയിച്ചു. തുടർന്ന് മഞ്ചേരി ജയിലിലായിരുന്ന ഷഫീഖിനെ ജയിൽ മാറ്റി കാക്കനാട് സബ് ജയിലിലേക്ക് അയച്ചു. ഭീഷണിപ്പെടുത്തിയ ചെർപ്പുളശ്ശേരി സംഘത്തില് പെട്ട മുസ്തഫയെ ഫോട്ടോ കണ്ട് ഷെഫീക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീഷണി സംബന്ധിച്ച് ഷഫീഖ് കോടതിക്ക് പരാതി എഴുതി നൽകി.
സൂഫിയാൻ സംഘത്തിന് വേണ്ടി കൊണ്ടുവന്ന സ്വർണം അർജുൻ ആയങ്കിക്ക് കൈമാറിയാൽ ടി.പി വധകേസ് പ്രതികൾ സംരക്ഷണം നൽകുമെന്ന് അർജുൻ പറഞ്ഞതായും ഷഫീഖ് കസ്റ്റംസിന് മൊഴി നൽകി. ഷാഫിയുടെയും കൊടി സുനിയുടെയും സംരക്ഷണയിൽ സ്വർണം കൊണ്ടുപോകാൻ കഴിയുമെന്നും അർജുൻ പറഞ്ഞിരുന്നു. കൊടുവള്ളി , കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വലിയ സംഘം സ്വർണകടത്തിന് പിന്നിലുണ്ട്.