'മാധ്യമങ്ങൾ ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നു'- തനിക്കെതിരെ അന്വേഷണമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഇ.പി ജയരാജൻ

റിസോർട്ട് വിവാദത്തെ ചൊല്ലി ഇ.പി ജയരാജനും പി.ജയരാജനും ഇന്ന് ചേർന്ന സംസ്ഥാന സമിതിയിലാണ് ഏറ്റുമുട്ടിയത്

Update: 2023-02-10 18:57 GMT
Advertising

തിരുവനന്തപുരം: തനിക്കെതിരെ അന്വേഷണമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഇ.പി ജയരാജൻ. മാധ്യമങ്ങൾ ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നു. നുണകൾ അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇ.പി ജയരാജനും പി. ജയരാജനുമെതിരെ അന്വേഷണത്തിന് പാർട്ടി അനുമതി നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. ഇ.പിക്കെതിരായ വാർത്ത ചോർന്നത് പരിശോധിക്കുന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും.

റിസോർട്ട് വിവാദത്തെ ചൊല്ലി ഇ.പി ജയരാജനും പി.ജയരാജനും ഇന്ന് ചേർന്ന സംസ്ഥാന സമിതിയില്‍ ഏറ്റുമുട്ടിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജനും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ.പി ജയരാജനും ആരോപിച്ചു. തന്നെ വ്യക്തിഹത്യ നടത്താനാണ് നീക്കമെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. എന്നാൽ വിഷയം വഷളാക്കിയത് നേതൃത്വമാണെന്ന് ചില അംഗങ്ങൾ ആരോപിച്ചു.

കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലായിരുന്നു ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഇ.പി ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ട് നിർമാണത്തിൽ അഴിമതി നടന്നുവെന്നാണ് പി.ജയരാജൻറെ ആരോപണം.

എന്നാൽ വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമാണ് നിക്ഷേപമുള്ളതെന്നുമായിരുന്നു ഇ.പി ജയരാജന്റെ വിശദീകരണം. ഭാര്യക്ക് റിട്ടയർമെന്റായി കിട്ടിയ തുകയാണതെന്നും ഇത് അനധികൃതമല്ലെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് ഇ.പി വിശദീകരണം നൽകിയിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News