സൈക്കിൾ പോളോ താരത്തിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖർ
നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും
ആലപ്പുഴ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിനിടെ മരിച്ച മലയാളി താരം നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും. സംഭവത്തിൽ അന്വേഷമം ആവശ്യപ്പെട്ട് പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
നിദയുടെ പിതാവ് ശിഹാബ് ഇന്നലെ രാത്രി നാഗ്പൂരിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിൽ എത്തിച്ചേക്കും. ഇതിനിടെ, കുട്ടിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആലപ്പുഴ എം.പി എ.എം ആരിഫും ആവശ്യപ്പെട്ടിട്ടുണ്ട്. നിദയുടെ മരണത്തിൽ നാഗ്പൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കുട്ടികൾക്ക് അടിസ്ഥാനസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിൽ ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടിരിക്കുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളിവിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഇവർക്ക് ഒഴിഞ്ഞുമാറാനാകില്ല. കോടതി ഉത്തരവിലൂടെയാണ് നിദ ഉൾപ്പെടെയുള്ള കേരള ടീം അംഗങ്ങൾ നാഗ്പൂരിലെ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. കോടതിവിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസസൗകര്യമോ നൽകാൻ ദേശീയ ഫെഡറേഷൻ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary: The post-mortem of Nida Fathima, a Malayali player who died during the National Cycle Polo Championship in Nagpur, Maharashtra, will be conducted today. The post-mortem report will be crucial many people have come forward demanding an investigation into the incident.