നിധിനയെ കൊലപ്പെടുത്താന്‍ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നു; തെളിവുകള്‍ പുറത്ത്

ഒരാഴ്ച മുൻപാണ് കൂത്താട്ടുകുളത്തെ കടയിൽ നിന്ന് പേപ്പര്‍ കട്ടറില്‍ ഉപയോഗിക്കുന്ന പുതിയ ബ്ലേഡ് അഭിഷേക് വാങ്ങിയത്

Update: 2021-10-02 03:18 GMT
Advertising

നിധിനയെ കൊലപ്പെടുത്താൻ പ്രതിയായ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതായി മൊഴി. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു. അഭിഷേക് ബ്ലേഡ് വാങ്ങിയ ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും.

പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇന്ന് തന്നെ സംഭവം നടന്ന പാലാ സെന്‍റ് തോമസ് കോളേജിലും പ്രതി ബ്ലേഡ് വാങ്ങിയ കടയിലുമെത്തിച്ച് അഭിഷേകിനെ തെളിവെടുപ്പ് നടത്തും. നിധിന വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മയ്ക്കടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. അഭിഷേകിന്‍റെ ഫോൺ വിവരങ്ങൾ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങി.

കേരളം നടുങ്ങി, കൊലപാതകം ക്യാമ്പസിനുള്ളില്‍ എല്ലാവരും നോക്കിനില്‍ക്കെ...

പരീക്ഷ കഴിഞ്ഞ കോളേജ് വളപ്പില്‍ കാത്തുനിന്ന അഭിഷേക് മൂര്‍ച്ചയുള്ള പേനാക്കത്തി ഉപയോഗിച്ച് നിധിനയുടെ കഴുത്തിലെ ഞരമ്പറുത്താണ് കൊലപാതകം നടത്തിയത്. ഇരുവരും ഗ്രൌണ്ടിലൂടെ സംസാരിച്ചുകൊണ്ട് നടക്കുന്നത് കണ്ടവരുണ്ട്. തുടര്‍ന്ന് വാക്കേറ്റം നടന്നതായും ഉടനെ പ്രകോപിതനായി അഭിഷേക് കത്തി ഉപയോഗിച്ച് നിധിനയെ ആക്രമിക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് പ്രിൻസിപ്പൽ ജയിംസ് ജോർജും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതിയായ വിദ്യാര്‍ഥിയെക്കുറിച്ച് മറ്റ് പരാതികൾ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

കാരണം

അഭിഷേകും നിധിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്‍റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാന്‍ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇരുവരും ഗ്രൌണ്ടിലൂടെ നടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നം സംസാരിച്ച് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കൈയ്യില്‍ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ചാണ് അഭിഷേക് നിധിനയുടെ കഴുത്ത് അറുത്തത്.

കോളേജിലെ ബി- വോക് ഫുഡ് ടെക്നോളജി മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. കോഴ്സ് പൂര്‍ത്തിയാക്കിയ ഇരുവരും പരീക്ഷക്കായാണ് കോളേജില്‍ എത്തിയത്. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെയാണ് കോളജിനെ നടുക്കിയ സംഭവമുണ്ടാകുന്നത്.ക്യാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതത് കണ്ടതായി കോളേജ് സെക്യൂരിറ്റി പറയുന്നുണ്ട്. പ്രശ്നമുണ്ടാകുന്നത് കണ്ട് ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചതെന്നും സെക്യൂരിറ്റി പറയുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞ് എല്ലാവരും ഓടിക്കൂടിയതോടെ അഭിഷേക് രക്ഷപെടാന്‍ ശ്രമിച്ചെന്നും എല്ലാവരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നുവെന്നും സെക്യൂരിറ്റി മൊഴി നല്‍കുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News