നിധിനയുടെ കൊലപാതകം: ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണവുമായി പൊലീസ്
കൊല്ലണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല
നിധിനമോളുടെ കൊലപാതകത്തില്‍ പഴുതടച്ച അന്വേഷണവുമായി പൊലീസ്. മൊബൈല്‍ ഫോണടക്കമുളള ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കാനും നീക്കം ആരംഭിച്ചു. നിധിനയുടെ വീട് വനിതാ കമ്മീഷന്‍ അധ്യക്ഷ ഇന്ന് സന്ദര്‍ശിക്കും.
കൊല്ലണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നാണ് പ്രതി അഭിഷേക് ബൈജു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിനില്‍ക്കുന്നത്. ബ്ലേഡ് വാങ്ങിയതും ഭീഷണി സന്ദേശവുമെല്ലാം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നിധിനയുടെ ഫോണിലേക്ക് അയച്ച സന്ദേശങ്ങള്‍ ഇതിനോടകം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ നിധിനയുടെ അമ്മയുടെയും സുഹൃത്തിന്‍റെയും ഫോണുകളിലേക്ക് അയച്ച സന്ദേശങ്ങളും പൊലീസ് ശേഖരിച്ചു. പഴുതുകളടച്ച് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.