ഒരുമിച്ചു നടന്നുവന്നു, വഴക്കിട്ടു, കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തിരുത്തി, പിന്നെ കണ്ടത് ചോര ചീറ്റുന്നത്- ക്രൂരത ഓർത്തെടുത്ത് ദൃക്‌സാക്ഷികൾ

കൊല്ലപ്പെട്ട പെൺകുട്ടിയും അഭിഷേകും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു

Update: 2021-10-01 13:37 GMT
Editor : abs | By : abs
Advertising

പാലാ: സെന്റ് തോമസ് കോളജ് കാമ്പസിൽ വിദ്യാർത്ഥിനിയെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ ഞെട്ടിത്തരിച്ച് ദൃക്‌സാക്ഷികൾ. ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ക്രൂരകൃത്യം നടന്നതെന്ന് കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. പരീക്ഷ കഴിഞ്ഞ് നിധിന പുറത്തിറങ്ങിയപ്പോഴാണ് പ്രതി അഭിഷേക് ബൈജു കൊല നടത്തിയത്.

സംഭവത്തെ കുറിച്ച് സെക്യൂരിറ്റി ജീവനക്കാരനായ കെ.ടി ജോസ് പറയുന്നതിങ്ങനെ;

'ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതു കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു. ഇവരെ പറഞ്ഞുവിട്ടാൽ മതിയല്ലോ. അപ്പോൾ അവൻ കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് താഴെയിരുത്തി. അന്നേരം ചോര ചീറ്റുന്നത് കണ്ടു. അപ്പോ രണ്ട് ആൺപിള്ളേര് ഓടിവന്നു പറഞ്ഞു- ചേട്ടാ അവനെ വിടരുത്, അവൻ കൊച്ചിന്റെ കഴുത്തിനിട്ട് വെട്ടിയെന്ന് പറഞ്ഞു. ഞാൻ പെട്ടെന്ന് പ്രിൻസിപ്പാളിനെ ഫോണിൽ വിളിച്ചു. കത്തിയെടുക്കുന്നതൊന്നും കണ്ടില്ല. കത്തി കളയുന്നത് കണ്ടു. പയ്യന് ഒരു കൂസലുമില്ലാതെ കൈയിലെ ചോര തൂത്തുകളഞ്ഞ് പുല്ലിലിട്ട് ഉരസി, കയ്യാലയിൽ കയറിയിരുന്നു. രക്ഷപ്പെടാനുള്ള ശ്രമമൊന്നും നടത്തിയില്ല. ഇവിടന്ന് കൊണ്ടുപോകുമ്പോൾ കുട്ടിയൊന്ന് അനങ്ങി.''

മറ്റൊരു ദൃക്‌സാക്ഷി ബിജു മീഡിയാവണ്ണിനോട് പറഞ്ഞത്;

'ഒരാളുടെ ആക്രോശം മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. കൃത്യം നടത്തിയ ശേഷം പ്രതി കോൺക്രീറ്റ് സമീപത്തെ കോൺക്രീറ്റ് ബഞ്ചിൽ ഇരുന്നു. പൊലീസ് വന്നപ്പോൾ കുട്ടികൾ അവനെ ചൂണ്ടിക്കാണിച്ചു. പൊലീസിന്റെ വാഹനത്തിലേക്ക് ഒരു മടിയും കൂടാതെ കയറിപ്പോയി. പരീക്ഷ കഴിഞ്ഞ് കുറച്ചു കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഓഫീസിൽ നിന്ന് അധ്യാപകരും ഓടിയെത്തിയിരുന്നു. കുട്ടിയെ ഇവിടെ നിന്ന് എടുക്കുമ്പോൾ അനക്കമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു. കഴുത്തിൽ ആഴമേറിയ മുറിവാണ് ഉണ്ടായിരുന്നു. ഒരു ഭാഗം തുരന്നു പോയിരുന്നു. കുട്ടി ഒച്ച വച്ച ശേഷമാണ് ഞങ്ങൾ ഓടിയെത്തിയത്.'

നടന്നത് പ്രണയപ്പക

കൊല്ലപ്പെട്ട പെൺകുട്ടിയും അഭിഷേകും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. രാവിലെ ഒമ്പതരയ്ക്കാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി കോളജിലെത്തിയത്. ഇരുവരും ഒരേ ഹാളിലാണ് പരീക്ഷയെഴുതിയത്. 11.10ന് അഭിഷേക് പരീക്ഷ കഴിഞ്ഞ് പുറത്തുപോയി. അഞ്ചു മിനിറ്റിന് ശേഷം നിധിനയും പുറത്തെത്തി. തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതും അഭിഷേക് ക്രൂരകൃത്യം നടത്തിയതും. സംഭവം നടന്ന് മിനിറ്റുകൾക്കകം നിധിനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

'കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല'

കൊലപാതകം നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ആയുധം കൊണ്ടുവന്നത് കൈഞരമ്പ് മുറിച്ച് പേടിപ്പിക്കാനാണെന്നുമാണ് പ്രതി അഭിഷേക് ബൈജു പൊലീസിൽ മൊഴി നൽകിയത്. രണ്ടും വർഷമായി പ്രണയത്തിലായിരുന്ന തന്നോട് അടുത്തിടെ അകൽച്ച കാണിച്ചതാണെന്ന് അനിഷ്ടമുണ്ടാകാൻ കാരണമെന്നും പ്രതി പറഞ്ഞു.

അഭിഷേകും നിധിനയും തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷ കഴിഞ്ഞ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ്. പെൺകുട്ടിയുടെ വീട്ടിൽ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതർക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാൻ വന്നതോടെ അഭിഷേക് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൈയ്യിൽ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ചാണ് അഭിഷേക് നിധിനയുടെ കഴുത്തറുത്തത്.

നിധിനയ്ക്ക് എന്തെങ്കിലും ഭീഷണിയുള്ളതായി അറിയില്ലായിരുന്നുവെന്ന് അമ്മാവൻ പറഞ്ഞു. തന്റെ മോനും ഇതേ കോളജിലാണ് പഠിക്കുന്നതെന്നും പ്രശ്നങ്ങളുണ്ടായിരുന്നതായി പെൺകുട്ടിയോ അമ്മയോ പറഞ്ഞിരുന്നില്ലെന്നും എല്ലാ കാര്യങ്ങളും അറിയിക്കാറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ കൊച്ചിന് നീതി കിട്ടണം'

തന്റെ കൊച്ചിന് നീതി കിട്ടണമെന്ന് കൊല്ലപ്പെട്ട നിധിനയുടെ അമ്മ പറഞ്ഞു. മകളും അമ്മയും മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് രാവിലെ ഏഴുമണിക്ക് ഇരുവരും ഒന്നിച്ചാണ് ഇറങ്ങിയിരുന്നത്. മകൾ കേളേജിലേക്കും അമ്മ ചികിത്സ സംബന്ധമായ കാര്യത്തിനും പോകുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് തിരിച്ചുപോകാറുമുണ്ടായിരുന്നത്.

തയ്യൽ ജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയിരുന്നത്. വീട് ഈയടുത്ത കാലത്ത് സന്നദ്ധ സംഘടനകളുടെ സഹായത്താൽ നിർമിച്ചതാണ്. നാട്ടിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു നിധിന.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News