നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്: എസ്.എഫ്.ഐ നേതാവ് അബിൻ രാജിനെ പ്രതി ചേർത്തു
അബിൻ രാജ് ചതിച്ചെന്നും എസ്.എഫ്.ഐ വഴിയാണ് അബിനുമായി പരിചയമെന്നും നിഖിൽ തോമസ് പറഞ്ഞു
ആലപ്പുഴ: നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ മുൻ ഏരിയാ പ്രസിഡന്‍റ് അബിൻ സി രാജിനെ പ്രതിയാക്കി. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് അബിനാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. അബിൻ രാജ് ചതിച്ചെന്നും എസ്.എഫ്.ഐ വഴിയാണ് അബിനുമായി പരിചയമെന്നും നിഖിൽ തോമസ് പറഞ്ഞു.
സർട്ടിഫിക്കറ്റിനായി സ്വകാര്യ ഏജൻസിക്ക് നൽകിയ പണം അബിന്‍റേതാണെന്നും അബിൻ സി രാജിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇന്ന് കസ്റ്റഡിയിൽ ഹാജരാക്കിയാൽ നിഖിലിന്‍റെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും. അബിന്‍ നിലവില്‍ മാലിദ്വീപിലാണെന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്.
നിഖിൽ തോമസ് ഇന്നലെ അർധരാത്രി 12.30ഓടെ കോട്ടയത്തുവച്ചാണ് അന്വേഷണ സംഘത്തിന്‍റെ പിടിയിലാവുന്നത്. കോഴിക്കോട്-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ കോട്ടയം ബസ് സ്റ്റാൻഡിൽവെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. എ.സി ലോ ഫ്‌ളോർ ബസിലായിരുന്നു യാത്ര.
കോഴിക്കോട്ട് പാർട്ടി നേതാക്കളാണ് നിഖിലിന് ഒളിവിൽ കഴിയാനുള്ള സഹായം ചെയ്തതെന്ന് സൂചനയുണ്ട്. ഒളിവിൽ പോകുന്ന സമയത്ത് നിഖിൽ ഫോണിലൂടെ ബന്ധപ്പെട്ട വർക്കലയിലുള്ള സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. നിഖിലിനെ പിടികൂടാത്തതിൽ വലിയ തോതിൽ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം.