തന്‍റെ പേരില്‍ വ്യാജ അഫിഡവിറ്റ് നല്‍കി; ആര്‍ഷോക്ക് അനുകൂലമായി മൊഴി മാറ്റിയിട്ടില്ലെന്ന് നിമിഷ രാജു

നിങ്ങൾ ഒരു പബ്ലിക് പ്രോസിക്യൂട്ടർ ആണ് എന്ന് ഞാൻ മനസ്സിലാക്കുന്നു നിങ്ങളുടെ തൊഴിലിനോട് നിങ്ങളെന്തു നീതിയാണ് പുലർത്തുന്നത് ?

Update: 2023-06-09 06:57 GMT
Editor : Jaisy Thomas | By : Web Desk

നിമിഷ രാജു/ആര്‍ഷോ

Advertising

ആർഷോക്കെതിരായ എംജി യൂണിവേഴ്സിറ്റി വിഷയത്തിൽ നൽകിയിട്ടുള്ള പരാതിയിൽ നിന്ന് ഒരു ഘട്ടത്തിലും താൻ പിന്നോട്ട് പോയിട്ടില്ലെന്നും പോവുകയുമില്ലെന്നും എ.ഐ.എസ്.എഫ് മുന്‍ നേതാവ് നിമിഷ രാജു. പരീക്ഷ എഴുതാന്‍ വേണ്ടി തന്‍റെ പേരില്‍ വ്യാജ അഫിഡവിറ്റ് നല്‍കിയെന്നും നിമിഷ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച അഡ്വ.ഐഷ പി.ജമാല്‍ മാപ്പ് പറയണമെന്നും നിമിഷ ആവശ്യപ്പെട്ടു. കോടതിയിൽ തുടരുന്ന ഒരു ക്രിമിനൽ കേസിലെ പ്രതിക്ക് വേണ്ടി പൊതു സമൂഹത്തിൽ വാദിച്ച നിങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ പദവി ഉപേഷിക്കാൻ തയ്യാറാകണമെന്നും നിമിഷയുടെ കുറിപ്പില്‍ പറയുന്നു.

നിമിഷ രാജുവിന്‍റെ കുറിപ്പ്

അഡ്വ ഐഷ പി. ജമാൽ നിങ്ങളോടാണ് നിങ്ങളെപ്പോലെ നുണകൾ മാത്രം പ്രചരിപ്പിക്കുന്നവരോടും കൂടിയാണ്. എഫ്ബിയിൽ നിങ്ങൾ പറഞ്ഞവസാനിപ്പിച്ച വാചകത്തിൽ നിന്ന് തുടങ്ങാം... അഡ്വക്കേറ്റ് ഐഷ, നിങ്ങൾ എഴുതിയതിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ലല്ലോ സുഹൃത്തേ.. നിങ്ങൾ എഴുതിയ പോസ്റ്റിൽ വാസ്തവമുള്ള ഒരു വാക്കെങ്കിലും എന്തു കൊണ്ട് ഇല്ലാതെ പോയി ? കാരണം നിങ്ങൾക്ക് തന്നെ അറിയാം നിങ്ങൾ പറയുന്നത് അത്രയും കളവാണ് എന്ന്. ഇനി നിങ്ങളുടെ പോസ്റ്റിലെ വാദങ്ങൾ ഒന്ന് പരിശോധിക്കാം.. നിങ്ങളുടെ ആദ്യ വ്യാജ ആരോപണം ഞാൻ SFI സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് എതിരായ കേസിൽ മൊഴി മാറ്റി പറഞ്ഞു എന്നതാണ്.

ആർഷോയ്ക്ക് എതിരായ് എംജി യൂണിവേഴ്സിറ്റി വിഷയത്തിൽ നൽകിയിട്ടുള്ള പരാതിയിൽ നിന്ന് ഒരു ഘട്ടത്തിലും ഞാൻ പിന്നോട്ട് പോയിട്ടില്ല പോവുകയുമില്ല. സഹപാഠിയെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ ആയിരിക്കുന്ന സമയത്ത് പരീക്ഷ എഴുതാൻ വേണ്ടി പി എം ആർഷോ വക്കിൽ മുഖാന്തരം നൽകിയ ജാമ്യാപേക്ഷയോടൊപ്പം ഒരു വ്യാജ അഫിഡവിറ്റ് കൂടി സമർപ്പിക്കുകയുണ്ടായി. ഞാൻ  (നിമിഷരാജു) ആർഷോയെ മിസ് ഐഡന്റിഫൈ (mis-identify) ചെയ്തതാണെന്നും എനിക്ക് പരാതിയില്ല എന്നുമുള്ള തരത്തിൽ ഒരു വ്യാജ അഫിഡവിറ്റ് ആർഷോ കോടതിയിൽ നൽകി. ബഹു. ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനെ അന്ന് തന്നെ എന്റെ വക്കീൽ (അഡ്വ അയൂബ് ഖാൻ) നിഷേധിച്ചിട്ടുള്ളതും അത്തരത്തിൽ ഒരു അഫിഡവിറ്റും നിമിഷരാജു നൽകിയിട്ടില്ല എന്നുമുള്ള വസ്തുത കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് ഇത്തരം അസത്യങ്ങൾ നിയമത്തെയും നീതിയും വെല്ലുവിളിച്ചുകൊണ്ട് പ്രചരിപ്പിക്കുവാൻ സാധിക്കുന്നത് ? നിങ്ങൾ ഒരു പബ്ലിക് പ്രോസിക്യൂട്ടർ ആണ് എന്ന് ഞാൻ മനസ്സിലാക്കുന്നു നിങ്ങളുടെ തൊഴിലിനോട് നിങ്ങളെന്തു നീതിയാണ് പുലർത്തുന്നത് ?

നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം നിന്നുകൊണ്ട് അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമായി മാറാൻ നിയോഗിക്കപ്പെട്ട, നാട്ടിലെ സാധാരണക്കാരന്റെ നികുതിപ്പണം സർക്കാരിൽ നിന്ന് ശമ്പളമായി കൈപ്പറ്റുന്ന നിങ്ങൾ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ആരെക്കുറിച്ചാണ് നിങ്ങൾ ആശങ്കപ്പെടുന്നത് ? നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് മുന്നിലിട്ട് പെൺകുട്ടിയായ സഹപാഠിയെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ജാതി അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ഒരുപറ്റം ക്രിമിനൽ സംഘങ്ങൾക്ക് നേതൃത്വം കൊടുത്ത ഒരു ക്രിമിനൽ കേസ് പ്രതിക്ക് വേണ്ടിയോ ? ഞാൻ എന്ന മനുഷ്യ ജീവിയെ വേട്ടയാടിയ ഒരു കുറ്റവാളിക്ക് വേണ്ടിയോ?

നിങ്ങൾ എഫ്ബിയിൽ പോസ്റ്റ് ഇടുന്നതിനു മുൻപ് സത്യം അറിയുവാൻ കുറഞ്ഞപക്ഷം എന്നോട് ഒരു വട്ടം സംസാരിക്കുകയെങ്കിലും വേണമായിരുന്നു. ഇത്തരത്തിൽ ഒരു അഫിഡവിറ്റ് ഞാൻ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ നിങ്ങൾ തയ്യാറാവേണ്ടതായിരുന്നു. ഇപ്പോൾ എന്റെ ഭയം എന്നെക്കുറിച്ചല്ല.... നിങ്ങൾ ഇട്ട അസത്യം നിറഞ്ഞ ആ പോസ്റ്റിൽ നിങ്ങളോട് വിയോജിച്ച ചിലരോട് നിങ്ങൾ തെളിവായി എന്റെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് കണ്ടിരുന്നു. ബലാത്സംഗത്തിന് ഇരയായി നിങ്ങളുടെ മുൻപിൽ ഒരു സ്ത്രീ നീതി തേടി എത്തുന്നു എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ അവരോട് ആ ബലാസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുവാൻ ആവശ്യപ്പെടുമായിരിക്കും അല്ലേ ? പോക്സോ സ്പെഷ്യൽ GP കൂടിയായ അഭിഭാഷക ആയ നിങ്ങളുടെ " നിയമബോധം " എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു !

അഡ്വ ഐഷ പി. ജമാൽ,

നിങ്ങൾ പി എം ആർഷോയുടെ ഖാപ്പ് പഞ്ചായത്ത് മേധാവി എന്ന റോൾ ഏറ്റെടുത്ത് കളവും അസത്യവും പ്രചരിപ്പിച്ച് നേരും നെറിയോടെയും ജീവിക്കുന്ന എന്റെ ആത്മാഭിമാനത്തിനും രാഷ്ട്രീയത്തിനും ഹാനി ഉണ്ടാക്കുവാൻ ശ്രമിച്ചിരിക്കുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഇനി നിങ്ങളുടെ ജീവിതത്തിന് എന്ത് പ്രസക്തി എന്ന ചോദ്യം ഞാൻ ഉയർത്തുന്നില്ല.എന്നാൽ ഭരണഘടനയിൽ സത്യം ചെയ്ത് നിങ്ങൾ ഏറ്റെടുത്ത ഒരു തൊഴിൽ ഉണ്ടല്ലോ, അഭിഭാഷക എന്നത്.അതിൽ നിങ്ങൾ ഇനി തുടരുന്നതിൽ പ്രസക്തിയില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയും. ഐഷ ഞാൻ നിങ്ങളോട് ചില ആവശ്യങ്ങൾ ഉന്നയിക്കുകയാണ്. കോടതിയിൽ തുടരുന്ന ഒരു ക്രിമിനൽ കേസിലെ പ്രതിക്ക് വേണ്ടി പൊതു സമൂഹത്തിൽ വാദിച്ച നിങ്ങൾ പബ്ലിക്ക് പ്രോസിക്യൂട്ടർ പദവി ഉപേഷിക്കാൻ തയ്യാറാകണം. കൂടാതെ നിങ്ങളുടെ എഫ്ബിയിൽ നിങ്ങൾ ഇട്ട വ്യാജ വസ്തുതകൾ നിറഞ്ഞ പോസ്റ്റ് തെറ്റാണ് എന്ന് ഏറ്റ് പറയുകയും മാപ്പ് പറയുകയും ചെയ്യണം. കാരണം അതിൽ ധാർമികതയുടെയും നിയമലംഘനത്തിന്റെയും പ്രശ്നങ്ങൾ ഉണ്ട്. സ്ത്രീ എന്ന നിലയിലും അഭിഭാഷക എന്ന നിലയിലും പബ്ലിക്ക് പ്രോസിക്യൂട്ടർ എന്ന നിലയിലും നിങ്ങൾ തെറ്റ് ചെയ്തിരിക്കുന്നു. അത് തിരുത്തുക തന്നെ വേണം.

പ്രിയ സുഹൃത്തേ അഡ്വ.ഐഷ പി.ജമാല്‍,

നിങ്ങളോടാണ്,നിങ്ങൾ ന്യായീകരിച്ച് വെളുപ്പിക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘങ്ങളോടും കൂടിയാണ്. എന്റെയും എന്നെപ്പോലെ വേട്ടയാടപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകൾ ഉൾപ്പെടുന്ന സാധാരണ മനുഷ്യർക്ക് വേണ്ടിയും എന്റെ നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾ തുടരും. ഒറ്റപ്പെടുത്തി ആക്രമിച്ച്  എനിക്ക് കൂടുതൽ ഊർജ്ജവും കരുത്തും ലക്ഷ്യബോധവും നൽകിയതിന് നന്ദി. ലാൽസലാം

 Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News