കോഴിക്കോട് നിപ ബാധിച്ച് 12 വയസുകാരന്‍ മരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Update: 2021-09-05 02:33 GMT
Advertising

കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ 4.45നാണ് മരണം സംഭവിച്ചത്. 

മസ്തിഷ്കജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നാം തിയ്യതിയായിരുന്നു ഇത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചതോടെയാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടി വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

ഛർദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാൽ നിപ പരിശോധന നടത്തണമെന്ന നിർദേശത്തെ തുടർന്നാണ് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ബന്ധുക്കളെയും അയല്‍വാസിയെയും നിരീക്ഷണത്തിലാക്കി. വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ അടച്ചു. കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും.ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് കോഴിക്കോട്ടെത്തും. മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്ര വിദഗ്ധസംഘവും കോഴിക്കോട്ടെത്തും.

2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News