നിപ; 17 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

ഇതുവരെ 140 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Update: 2021-09-13 14:59 GMT
Advertising

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിൽ അഞ്ചെണ്ണം എൻ.ഐ.വി പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി.ആര്‍.ഡി ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. കുറഞ്ഞ നാള്‍കൊണ്ട് ഇവിടെതന്നെ ഇത്രയേറെ പരിശോധനകള്‍ നടത്താനായത് വലിയ നേട്ടമാണെന്നും എന്‍.ഐ.വി.യില്‍ അയക്കുന്നതിന്‍റെ കാലതാമസം ഒഴിവാക്കുന്നതിനും നിപ പ്രതിരോധം ശക്തമാക്കുന്നതിനും ഇതിലൂടെ സാധിച്ചെന്നും മന്ത്രി പറ‌ഞ്ഞു. 

എന്‍.ഐ.വി പൂനയിലെ നാലു വിദഗ്ധരും എന്‍.ഐ.വി. ആലപ്പുഴയിലെ രണ്ടു വിദഗ്ധരും ഉള്‍പ്പെടെ പന്ത്രണ്ടോളം ജീവനക്കാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി.ആര്‍.ഡി. ലാബില്‍ പ്രവര്‍ത്തിക്കുന്നത്. ആത്മാര്‍ത്ഥ സേവനം നടത്തുന്ന ഈ ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Contributor - Web Desk

contributor

Similar News