നിയമസഭാ സമ്മേളനം ഇന്നു മുതൽ
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിൻറെ പ്രധാന അജണ്ട
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് തുടങ്ങും. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. വിഴിഞ്ഞം സമരവും രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കങ്ങളും സഭയിൽ വരും. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിൻറെ പ്രധാന അജണ്ട.
ഇന്ന് മുതൽ ഈ മാസം 15 വരെ തീരുമാനിച്ചിരുക്കുന്ന സഭാ സമ്മേളനം സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ചർച്ചകൾക്ക് വഴി വെച്ചേക്കും. സംസ്ഥാനത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ സർക്കാർ കൊണ്ട് വരുന്നത്. അതിന് സർക്കാരിന് വ്യക്തമായ കാരണങ്ങൾ നിരത്താനുമുണ്ട്. സർവകലാശാല ഭരണത്തിൽ ഗവർണർ അനാവശ്യമായി ഇടപെടുന്നു, വിസിമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവി വത്കരണം നടത്താൻ ശ്രമിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത്.
എന്നാൽ കോൺഗ്രസ് ഇതിനോട് യോജിക്കുന്നില്ല. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്‍ലിം ലീഗിന് അതിനോട് പൂർണയോജിപ്പില്ല. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ ലീഗിന് അതൃപ്തിയുണ്ട്. എന്നിരുന്നാലും ബില്ലിനെ പിന്തുണയാക്കാനുള്ള സാധ്യത കുറവാണ്. പ്രതിപക്ഷത്ത് അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ ആയുധമാക്കാനാണ് സർക്കാർ നീക്കം.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാരാജേന്ദ്രൻറെ പേരിൽ പുറത്ത് വന്ന കത്തിൻറെ പേരിൽ ഉണ്ടായ വിവാദമാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയമായി ഉന്നയിക്കുക. സംസ്ഥാനത്തെ സർവകലാശാലകളിലും തദ്ദേശ സ്ഥാപനങ്ങളിലും കമ്യൂണിസ്റ്റ് വത്കരണം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കൽ കടകംപള്ളി സുരേന്ദ്രൻ സഭയിൽ ഉയർത്തും. രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പ്രതിപക്ഷം ഉന്നയിക്കും.