നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സ്വർണക്കടത്തും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും ചർച്ചയാവും
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് പ്രതിപക്ഷം ഇടവേള നൽകിയിരിക്കുകയാണ്. എന്നാൽ സഭാതലത്തിൽ സർക്കാരിനെതിരേയുള്ള പ്രധാന ആയുധമായി ഇത് മാറും.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേയുള്ള സ്വർണക്കടത്ത് ആരോപണവും എസ്എഫ്‌ഐ യുടെ വഴിവിട്ട സമരവും ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിനിടെ നിയമസഭാ സമ്മേളനത്തിനു ഇന്ന് തുടക്കം. സർക്കാരിനെ മുൾമുനയിൽ നിർത്താൻ കഴിയുന്ന ഒരുപിടി വിഷയങ്ങളുമായാകും പ്രതിപക്ഷം സഭയിലെത്തുക. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് അടിയന്തിര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകും..
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് പ്രതിപക്ഷം ഇടവേള നൽകിയിരിക്കുകയാണ്. എന്നാൽ സഭാതലത്തിൽ സർക്കാരിനെതിരേയുള്ള പ്രധാന ആയുധമായി ഇത് മാറും. സ്വപ്ന സുരേഷിനെ പ്രതിപക്ഷം പൂർണമായും വിശ്വാസത്തിലെടുക്കുന്നില്ല. പക്ഷേ ഇക്കാര്യത്തിലെ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ വേട്ടയാടാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് സ്വപ്നയുടെ ആരോപണങ്ങൾ എന്നാണ് സർക്കാരിന്റെ പ്രതിരോധം. ചോദ്യോത്തരവേളയിൽ തന്നെ സ്വപ്നയുടെ ആരോപണങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നുവരും. രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന ഇഡിയെ എങ്ങനെ പ്രതിപക്ഷം വിശ്വാസത്തിലെടുക്കുമെന്ന മറു ചോദ്യവും ഭരണപക്ഷം ഉയർത്തും.
ബഫർ സോൺ വിഷയത്തിലെ സർക്കാർ നിലപാടും പ്രതിപക്ഷം ചോദ്യം ചെയ്യും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സർക്കാരിനെ പ്രതിരോധത്തിലാക്കും. അടിയന്തരപ്രമേയമായി വിഷയം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഒരു ചുവട് പിന്നോട്ടുവച്ച സർക്കാർ സഭയിൽ നിലപാട് വ്യക്തമാക്കേണ്ടി വരും. ലോക കേരള സഭാ ബഹിഷ്‌കരണവും പ്രവാസികളെ അധിക്ഷേപിച്ചെന്ന ആരോപണവും ഭരണപക്ഷ ബെഞ്ചിൽ നിന്ന് പ്രതിപക്ഷത്തിനെതിരേയുള്ള വിമർശനശരങ്ങളായി ഉയരും. അതേസമയം നിയമസഭാ വളപ്പിലെ അനിതാ പുല്ലയിലിന്റെ സാന്നിധ്യത്തിൽ സർക്കാരും സ്പീക്കറും മറുപടി പറയേണ്ടി വരും. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേയുണ്ടായ പ്രതിഷേധം അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമമായി സഭയിലും ഭരണപക്ഷം ഉയർത്തിക്കാട്ടും. അക്രമം അഴിച്ചുവിട്ട് ക്രമസമാധാനവും വികസനവും തകർക്കാനാണ് പ്രതിപക്ഷ ശ്രമമെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയവും കോൺഗ്രസിന്റെ ഏക വനിതാ അംഗത്തിന്റെ സഭയിലെ സാന്നിധ്യവും പ്രതിപക്ഷത്തിന് ഊർജമാകും.