'പാർട്ടിക്കകത്ത് കച്ചവടമാണ് നടക്കുന്നത്, വിജിലൻസ് അന്വേഷണം വേണം'; പി.സി ചാക്കോക്കെതിരെ എൻസിപി നേതാവ്
പി.സി ചാക്കോ രണ്ടാമതും എൻസിപി സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെയാണ് എൻ.എ മുഹമ്മദ് കുട്ടി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചി: എൻസിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പി.സി ചാക്കോക്കെതിരെ വിമർശനവുമായി പാർട്ടി നേതാവ് എൻ.എ മുഹമ്മദ് കുട്ടി. ചാക്കോ പ്രസിഡന്റായ ശേഷം ഒരുപാട് പേർ പാർട്ടി വിട്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നിറഞ്ഞ നേതൃത്വമാണ് കഴിഞ്ഞ ഒരു വർഷമായി ഉണ്ടായിരുന്നത്. പാർട്ടിക്കകത്ത് കച്ചവടമാണ് നടക്കുന്നത്. വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സരിച്ചാൽ ചാക്കോ തോൽക്കുമെന്ന് ഉറപ്പായിരുന്നു. അസംതൃപ്തർ പലരും പുറത്തുണ്ട്. വോട്ടെടുപ്പ് ഒഴിവാക്കുകയാണ് ചെയ്തത്. ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും അപ്പോൾ തന്നെ തീരുമാനം മാറ്റി. ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.
ദേശീയ നേതൃത്വത്തെ ഇക്കാര്യങ്ങൾ പലപ്പോഴും അറിയിക്കാറുണ്ട്. തനിക്കെതിരെ പാർട്ടി നടപടി വന്നാലും കുഴപ്പമില്ല. പാർട്ടിയിൽനിന്ന് പുറത്തുപോകില്ല. സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന് ദേശീയ നേതൃത്വത്തിൽനിന്ന് നിരീക്ഷകർ വന്നില്ല. കൈ പൊക്കിയത് എത്രപേരെന്ന് എണ്ണിനോക്കിയില്ല. ഭൂരിപക്ഷമുണ്ടല്ലോ എന്ന് പറഞ്ഞ് പാസാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.