പൗരത്വ നിയമം; ഇന്ത്യയുടെ മതേതര രാഷ്ട്ര വ്യവസ്ഥയുടെ അസ്തിത്വം തകർക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ
മതേതര രാജ്യമായ ഭാരതത്തിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതം ആയി മാറ്റുന്നു
കൊല്ലം: പൗരത്വ നിയമം ഇന്ത്യയുടെ മതേതര രാഷ്ട്ര വ്യവസ്ഥയുടെ അസ്തിത്വം തകർക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. മതേതര രാജ്യമായ ഭാരതത്തിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതം ആയി മാറ്റുന്നു . ഇത് മതേതരത്വത്തിന്‍റെ മരണമണിയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
രാജ്യത്ത് മുസ്‍ലിം, മുസ്‍ലിം- ഇതരർ എന്ന വേർതിരിവ് ഉണ്ടാകും. രാമക്ഷേത്രം ഭൂരിപക്ഷങ്ങൾക്ക് ഇടയിൽ വലിയ സ്വാധീനം ഉണ്ടാക്കിയില്ലെന്നാണ് ബി.ജെ.പി വിലയിരുത്തൽ. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ നിയമം കൊണ്ടുവന്നത്. നിയമം ഉണ്ടാക്കുന്ന വിപത്തിനെതിരെ ആണ് രാജ്യവ്യപക പ്രതിഷേധങ്ങൾ.
പൗരത്വനിയമം സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് ഇരട്ടത്താപ്പാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. കോൺസെൻട്രേഷൻ ക്യാമ്പുകൾ ഉൾപ്പടെ ആദ്യം തയ്യാറാക്കി തുടങ്ങിയ സംസ്ഥാനമാണ് കേരളം. ബില്ല് നിയമം ആയപ്പോൾ മാത്രം ആണ് കേരളം മുഖ്യമന്ത്രി എന്തെങ്കിലും പ്രതികരിച്ചത്. സംസ്ഥാനം നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് പ്രായോഗികമാണോ എന്നതിൽ സംശയം ഉണ്ട്. രാജ്യത്തെ നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് എം.മുകേഷ് എം.എല്‍.എ പറഞ്ഞു. ഇന്ത്യയെ ഇന്ത്യ ആക്കി നിർത്തുന്നതാണ് മതേതരത്വം. എല്ലാവർക്കും തുല്യനീതി നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിനാണ് കത്തി വച്ചിരിക്കുന്നത്. ഇലക്ട്രൽ ബോണ്ടിൽ ഏറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് ഇങ്ങനെയല്ല. ഭയപ്പെടുത്തുന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്ത്. യുഡിഎഫിൽ വിശ്വാസം നഷ്ടപ്പെട്ടു. കോൺഗ്രസിൽ നിന്നും നേതാക്കളുടെ ഒഴുക്കാണ് ബിജെപിയിലേക്ക്. ദിവസേന ബിജെപി നേതാക്കളെ പുകഴ്ത്തി പറയുന്നു. ഈ അവസരത്തിൽ ശക്തമായി മുന്നിൽ നിൽക്കാൻ കഴിയുക എൽഡിഎഫിനാണെന്നും മുകേഷ് പറഞ്ഞു.