നോക്കുകുത്തിയായി വന്ധ്യംകരണ കേന്ദ്രം; തെരുവ് നായ ആക്രമണം രൂക്ഷമാകുമ്പോഴും നടപടിയില്ല
കാടുകയറിക്കിടക്കുന്ന കേന്ദ്രമിപ്പോൾ തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്
കോട്ടയത്ത് തെരുവ് നായ ആക്രമണം ദിനംപ്രതി വർധിക്കുമ്പോഴും നോക്കുകുത്തിയായി വന്ധ്യംകരണ കേന്ദ്രം. കോട്ടയം നഗരമധ്യത്തിൽ നഗരസഭയുടെ കീഴിൽ സ്ഥാപിച്ചിരിക്കുന്ന വന്ധ്യംകരണ കേന്ദ്രമാണ് വർഷങ്ങളായി പൂട്ടിക്കിടക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായി മാറിയതോടെ ഇവിടെയും തെരുവ് നായ ശല്യം രൂക്ഷമാണ്.
നഗരത്തിൽ തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനാണ് ആനിമൽ ബെർത്ത് കൺട്രോൾ പദ്ധതി പ്രകാരം ഈ കേന്ദ്രം ഇവിടെ സ്ഥാപിച്ചത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കേന്ദ്രം ഒരു തവണ പോലും തുറന്നുപ്രവർത്തിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പ് കുടുംബശ്രീ മുഖേന ആയിരുന്നു ഈ പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ, പിന്നീട് കോടതി ഉത്തരവ് പ്രകാരം ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകളിലെത്തി. അങ്ങനെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റിയതെന്നാണ് ആക്ഷേപം.
കാടുകയറിക്കിടക്കുന്ന കേന്ദ്രമിപ്പോൾ തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്. കോട്ടയം ജില്ലയിൽ ഒരു മാസത്തിനിടെ എഴുപതോളം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. എന്നിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.