മുന്നണിമാറ്റം ചര്‍ച്ചയിലില്ല, സുന്നി ഐക്യത്തിന് ശ്രമിക്കും, 'ഹരിത' നടപടിയിൽ പുനഃപരിശോധന- സാദിഖലി ശിഹാബ് തങ്ങൾ
മുന്നണിമാറ്റം തമാശയ്ക്കുംപോലും ലീഗ് ചർച്ച ചെയ്തിട്ടില്ല. സമസ്തയും ലീഗും തമ്മിൽ പൊക്കിൾകൊടി ബന്ധമാണ്. സുന്നി ഐക്യത്തിന് മുൻകൈയെടുക്കും- മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മുന്നണിമാറ്റം ചർച്ച ചെയ്തിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തമാശയ്ക്കുംപോലും ലീഗ് അക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് തങ്ങൾ പറഞ്ഞു. മുൻ ഹരിതാ നേതാക്കൾക്കെതിരായ നടപടി പുനഃപരിശോധിക്കാവുന്നതാണ്. സുന്നി ഐക്യത്തിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മീഡിയവണിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തങ്ങളുടെ പ്രതികരണം. ലീഗ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് തങ്ങൾ ഒരു മാധ്യമത്തിന് പ്രത്യേക അഭിമുഖം നൽകുന്നത്.
സമസ്തയിലെ ഇരുവിഭാഗങ്ങളെയും യോജിപ്പിലെത്തിക്കണം. ഐക്യത്തിന് മുൻകൈയെടുക്കും. ഇരുവിഭാഗം സുന്നികളും യോജിപ്പിലെത്തണം. സമസ്ത നേതാക്കളുമായി ഗുരുശിഷ്യബന്ധമാണ് തനിക്കുള്ളത്. സമസ്തയും ലീഗും തമ്മിൽ പൊക്കിൾകൊടി ബന്ധമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.
മുൻ ഹരിതാ നേതാക്കൾക്കെതിരായ നടപടിയിലും അദ്ദേഹം പ്രതികരിച്ചു. അവർക്കെതിരായ നടപടി പുനഃപരിശോധിക്കാവുന്നതാണ്. അവരിപ്പോഴും ലീഗിൽ തന്നെയുണ്ട്. അവർക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും തങ്ങൾ സൂചിപ്പിച്ചു.
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി തങ്ങളെ ഉന്നതാധികാര സമിതി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. മുസ്ലിം ലീഗ് എന്ന മഹാപ്രസ്ഥാനത്തെ നയിക്കാൻ മുൻഗാമികളുടെ ചരിത്രവും ജീവിതവും തന്നെയാണ് ബലമെന്ന് തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു.
മലപ്പുറം ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സാദിഖലി തങ്ങൾ ലീഗ് ഉന്നതാധികാര സമിതി അംഗവുമായിരുന്നു. 1964ലാണ് സാദിഖലി ശിഹാബ് തങ്ങളുടെ ജനനം. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിച്ചിട്ടുണ്ട്. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് നിർവാഹക സമിതി അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ ജനറൽ സെക്രട്ടറി, വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ വൈസ് പ്രസിഡന്റ്, എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡന്റ്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്ലാമിക് കോളജ് പ്രസിഡൻറ്, കോഴിക്കോട് ഇസ്ലാമിക് സെന്റർ ചെയർമാൻ, കിഴിശ്ശേരി മുണ്ടംപറമ്പ് റീജ്യനൽ ആർട്‌സ് ആൻഡ് സയൻസ് കോളജ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Summary: No alliance change in discussion, will work for Sunni unity, says Sadiqali Shihab Thangal