റാങ്ക് ലിസ്റ്റുകൾ ഉണ്ടായിട്ടും നിയമനമില്ല; ദുരിതത്തിലായി എച്ച്എസ് ഇംഗ്ലീഷ് ഉദ്യോഗാർഥികൾ
ഈ അനിശ്ചിതാവസ്ഥയ്ക്കിടെ പുതിയ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിഎസ് സി പുറത്തിറക്കിയത് വിവാദമായിട്ടുണ്ട്
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ടായിട്ടും നിയമനം കിട്ടാതെ ദുരിതത്തിലായി ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ. പല ജില്ലകളിലും ഒന്നാം റാങ്ക് നേടിയവർക്ക് പോലും ജോലി കിട്ടിയിട്ടില്ല. ഈ അനിശ്ചിതാവസ്ഥയ്ക്കിടെ പുതിയ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിഎസ് സി പുറത്തിറക്കിയത് വിവാദമായിട്ടുണ്ട്.
സംസ്ഥാനത്തെ 639 ഹൈസ്കൂളുകളിലാണ് ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്. 14 ജില്ലകളിലായി മുഖ്യപട്ടികയിൽ ഉൾപ്പെട്ട 562 പേരും ഉപപട്ടികയിൽ ഉൾപ്പെട്ട 854 പേരും അടക്കം 1416 പേരാണ് 2023 ൽ പുറത്തിറക്കിയ റാങ്ക് പട്ടികയിൽ ഉള്ളത്. എന്നാൽ ഈ പട്ടികയിൽ നിന്ന് ആകെ നിയമിക്കപ്പെട്ടത് 170 പേർ മാത്രം. ഇതിലും എറണാകുളം ജില്ലയിൽ ഒരാൾക്ക് പോലും നിയമനം കിട്ടിയിട്ടില്ല. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ജോലി കിട്ടിയത് ഒരാൾക്ക് മാത്രം. ആലപ്പുഴയിൽ നാലും തൃശൂർ കോഴിക്കോട് ജില്ലകളിൽ അഞ്ചും പേർ നിയമന ശിപാർശ നേടിയെടുത്തു. ജോലി കിട്ടിയവരുടെ കണക്ക് രണ്ടക്കം കടന്നത് ആറ് ജില്ലകളിൽ മാത്രം. അതിലും ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ള മലപ്പുറം ജില്ലയിൽ ജോലി കിട്ടിയത് 41 പേർക്ക്. മലയാളം, ഹിന്ദി തുടങ്ങിയ മറ്റ് ഭാഷാ വിഷയങ്ങളിൽ ഇരട്ടിയിലധികം നിയമനം നടന്നിടത്താണ് ഇംഗ്ലീഷ് ഇങ്ങനെ ഇഴയുന്നത്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്താത്ത സർക്കാർ നിയമം അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ.
ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിന് ഇനി ഒന്നരവർഷം കൂടി കാലാവധിയുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പ് എതിർപ്പുന്നതിനാലാണ് നിയമനങ്ങൾ നടക്കാത്തത്. ഈ ഘട്ടത്തിൽ ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്ക് ഇറക്കിയ പുതിയ പരീക്ഷ വിജ്ഞാപനവും ഉദ്യോഗാർഥികളെ ചൊടിപ്പിച്ചിരിക്കുകയാണ്.