പരാതിയില്ല; പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പിലേക്ക്
കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിൽ ഇന്ന് വിധി പറഞ്ഞേക്കും
കോട്ടയം: കാഞ്ഞിരപ്പളളിയിൽ പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പിലേക്ക്. മോഷണക്കേസിൽ പരാതിയില്ലെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കോടതിയിൽ അപേക്ഷ നൽകി. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിൽ ഇന്ന് വിധി പറഞ്ഞേക്കും.
രണ്ടാഴ്ച മുന്‍പാണ് കാഞ്ഞിരപ്പളളിയിലെ ഒരു ഫ്രൂട്ട്സ് കടയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ മാങ്ങാ മോഷ്ടിച്ചത്. സിസി ടിവിയിൽ കുടുങ്ങിയ ഉദ്യോഗസ്ഥൻ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷിഹാബാണെന്ന് തുടർന്ന് കണ്ടെത്തി. കട ഉടമ പരാതി നല്‍കിയില്ലെങ്കിലും കാഞ്ഞിരപ്പള്ളി പൊലീസ് കേസ് എടുത്തു. കൂടാതെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് പരാതിയില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചത്. കേസ് പിൻവലിക്കണമെന്നും കടയുടമ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ പൊലീസ് ഇതിനെ എതിർത്തിട്ടുണ്ട്. പൊലീസിന്‍റെ വാദം കൂടി കേട്ട ശേഷമാകും കോടതി വിധി പറയുക. കീഴ് കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ കേസ് ഒത്ത് തീർപ്പക്കാൻ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. നേരത്തെ ഒരു പീഡന കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇടുക്കി എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ സ്പെഷ്യൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയാണ് ഇയാൾ പത്ത് കിലോയോളം മാങ്ങ മോഷ്ടിച്ചത്.