'നീട്ടിയ കാലാവധി വേണ്ട'; വേണുരാജാമണി സേവനം അവസാനിപ്പിച്ചു
യുക്രൈൻ യുദ്ധക്കെടുതിക്കിടയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ വേണുരാജാമണി മുൻകൈ എടുത്തിരുന്നു
ഡൽഹി: കേരള ഹൗസിലെ പ്രത്യേക പ്രതിനിധി വേണുരാജാമണി സേവനം അവസാനിപ്പിച്ചു. രണ്ടാഴ്ച നീട്ടി നൽകിയ കാലാവധി വേണ്ടെന്നു വെച്ചതായി വേണുരാജാമണി അറിയിച്ചു. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെ എടുത്ത് പറഞ്ഞാണ് വേണു കത്തെഴുതിയത്.
ഇന്ന് സേവനകാലാവധി അവസാനിക്കാനിരിക്കെ പതിവ് പോലെ വേണുരാജാമണിക്ക് ഒരുവർഷം കൂടി നീട്ടിനൽകിയിരുന്നില്ല. പകരം 15 ദിവസം മാത്രമാണ് കൂടുതൽ അനുവദിച്ചത്. വിദേശ രാജ്യങ്ങളുമായിട്ടുള്ള കേരളത്തിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മുൻ നെതർലൻഡ് അംബാസഡർ കൂടിയായ വേണുരാജാമണിയെ നിയോഗിച്ചിരുന്നത്. യുക്രൈൻ യുദ്ധക്കെടുതിക്കിടയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാനും വേണുരാജാമണി മുൻകൈ എടുത്തിരുന്നു. കേരള ഹൗസിലെ വേണുരാജാമണിയുടെ ഓഫീസ് റൂം ആണ് പ്രത്യേക പ്രതിനിധിആയതോടെ പ്രൊഫ. കെവി തോമസിനു അനുവദിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് അടക്കം ചുക്കാൻ പിടിച്ചതും മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ കൂടിയായ വേണുരാജാമണി ആയിരുന്നു.