'രഞ്ജിത് ഇടപെട്ടെന്ന ആരോപണം ശരിയല്ല';അവാർഡ് വിവാദത്തിൽ വിശദീകരണം നൽകി ചലച്ചിത്ര അക്കാദമി
മന്ത്രി സജി ചെറിയാന് നൽകിയ വിശദീകരണത്തിലാണ് അക്കാദമി ആരോപണങ്ങൾ നിഷേധിച്ചത്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി. മന്ത്രി സജി ചെറിയാന് നൽകിയ വിശദീകരണത്തിലാണ് അക്കാദമി ആരോപണങ്ങൾ നിഷേധിച്ചത്. സംവിധായകൻ വിനയന്റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നൽകിയതിന് പിന്നാലെയാണ് അക്കാദമി വകുപ്പ് മന്ത്രിക്ക് വിശദീകരണം നൽകിയത്.
ചലച്ചിത്ര അവാർഡിൽ നിന്ന് തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിന് അവഗണിച്ചതിൽ അക്കാദമി ചെയർമാനായ രഞ്ജിത്തിന് പങ്ക് ഉണ്ടെന്നായിരുന്നു സംവിധായകൻ വിനയൻ ആരോപിച്ചത്. ഇക്കാര്യം രേഖാമൂലം പരാതിയായി മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്തു . വിനയന്റെ പരാതി പരിശോധിക്കാൻ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി ഇന്നലെ നിർദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി, വകുപ്പുമന്ത്രിയായ സജി ചെറിയാന് അവാർഡ് നിർണയുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത് . അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടലോ സമ്മർദമോ ഒന്നുമുണ്ടായിട്ടില്ല,അക്കാദമി ചെയർമാൻ ഇടപെട്ടു എന്ന് പറയുന്നത് ശരിയല്ലെന്നും വിശദീകരണത്തില്‍ പറയുന്നു. എല്ലാ അവാർഡുകളും ഐകകണ്ഠേനയാണ് തീരുമാനിച്ചതെന്നും പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയെ അവഗണിച്ചു എന്ന് പറയുന്നതും തെറ്റാണെന്നും അവാർഡ് ജൂറി ആ സിനിമയെ പരിഗണിച്ചു എന്നതിന്റെ തെളിവാണ് അതിന് ലഭിച്ച മൂന്ന് അവാർഡുകളെന്നും വിശദീകരണത്തിലുണ്ട്. അക്കാദമിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ വിനയന് സർക്കാർ മറുപടി നൽകും.