'പെൺകുട്ടി പീഡന പരാതി നൽകിയിട്ടില്ല'; പരാതിയുണ്ടെങ്കിൽ മുഴുവൻ നിയമ സഹായവും നൽകുമെന്ന് ഷാഫി പറമ്പിൽ
'ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയിൽ പീഡന കാര്യം പറയുന്നില്ല'
പാലക്കാട്: യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡനം നടന്നെന്ന വനിതാ നേതാവിന്റെ പരാതിയിൽ നേതൃത്വം നടപടി എടുത്തില്ലെന്ന വാർത്തയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ. വനിതാ നേതാവ് പരാതി നൽകിയിട്ടില്ല. അത്തരത്തിലൊരു പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല. ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയിൽ പീഡന കാര്യം പറയുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പരാതിയുണ്ടെങ്കിൽ പെൺകുട്ടിക്ക് പൊലീസിനെ സമീപിക്കാൻ ആരും തടസ്സം നിൽക്കില്ല. പെൺകുട്ടിക്കാവശ്യമായ മുഴുവൻ നിയമ സഹായവും നൽകും. പെൺകുട്ടിയുടെതെന്ന പേരിൽ വ്യാജ പരാതി സംഘടനക്കകത്ത് നിന്ന് ആരെങ്കിലും പ്രചരിപ്പിച്ചോ എന്ന് പരിശോധിക്കും. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ഇതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പീഡനം നടന്നെന്ന് ഏതെങ്കിലും പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നല പ്രതികരിച്ചിരുന്നു. സംഘടനയ്ക്ക് അകത്തൊതുക്കുകയോ സംഘടനാ നടപടി മാത്രമാക്കുകയോ ചെയ്യില്ല. പരാതിയുണ്ടോ എന്നറിയാൻ ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് ബന്ധപ്പെടാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
പാലക്കാട് ചേർന്ന ചിന്തിൻ ശിബിറിനിടെ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് നായർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിതാ നേതാവ് നൽകിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിന്തൻശിബിരിനിടെ വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കിയത്