''ശത്രുതാപരമായ നിലപാട് പാടില്ല, കിട്ടാനുള്ള പണം തടഞ്ഞുവെക്കുന്നു'': കേന്ദ്രത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി
''വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് കേന്ദ്രധനമന്ത്രി സംസ്ഥാനത്തിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്''
മലപ്പുറം: സംസ്ഥാനത്തിന് കിട്ടാനുള്ള പണം കേന്ദ്ര സർക്കാർ തടഞ്ഞു വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
''വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് കേന്ദ്രധനമന്ത്രി സംസ്ഥാനത്തിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ശ്വാസമുട്ടിക്കുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം തിരൂരില്‍ നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''സൗജന്യമോ ഔദാര്യമോ വേണമെന്നല്ല ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനമായിരിക്കണം കേന്ദ്രത്തിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ നിലപാട് പാടില്ല. സംസ്ഥാനത്തിന്റെ കൈയില്‍ പണമെത്താനുള്ള മാര്‍ഗങ്ങളെല്ലാം തടയുന്ന നില സ്വീകരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നു. ഒരു സംസ്ഥാനത്തോടും സാധാരണനിലയില്‍ ചെയ്യാന്‍പാടില്ലാത്ത കാര്യമാണിത്''- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കുസാറ്റിൽ ക്യാംപസിനകത്ത് നടക്കുന്ന പരിപാടി ആയത് കൊണ്ട് പോലീസിന്റെ അനുമതി വാങ്ങിയിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവെ ആളുകൾ കൂടുന്ന സ്ഥലത്ത് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.