സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽനിന്ന് ആരും വിലക്കിയിട്ടില്ല: ശശി തരൂർ
പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ് , അതിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിന്റെ വിരുദ്ധചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്നും ശശിതരൂർ പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കില്ലെന്ന് ശശി തരൂർ എംപി. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ് , അതിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിന്റെ വിരുദ്ധചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്നും ശശിതരൂർ പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സിൽവർലൈൻ വിഷയത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സിപിഎം വേദികളിലെ കോൺഗ്രസ് സാന്നിധ്യം ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുമെന്നാണു കെപിസിസി നേതൃത്വം കരുതുന്നത്.
നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചിരുന്നു.