രാമക്ഷേത്രത്തിന് ആരും എതിരല്ല, കോൺഗ്രസ് വിട്ടുനിൽക്കുന്നത് ആശ്വാസകരം -സാദിഖലി തങ്ങൾ

Update: 2024-01-11 07:48 GMT
Advertising

അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും എന്നാൽ, ബി.ജെ.പി അതിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ പ്രധാനപ്പെട്ടതാണ്. അത് പരസ്പരം എല്ലാവരും ബഹുമാനിക്കേണ്ടതുമാണ്.

കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അയോധ്യയിൽ പുതിയ ക്ഷേത്രം വരുന്നത്. അതിനോട് ആർക്കും എതിർപ്പില്ല. എന്നാൽ, രാമഷേത്ര ഉദ്ഘാടനം കേവലം രാഷ്ട്രീയ പ്രചാരണത്തിനുള്ള മാർഗമായിട്ടാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ കോൺഗ്രസ് അടക്കമുള്ളവർ പ്രതിഷ്ഠാ ദിന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നു എന്നത് ആശ്വാസകരമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് മികച്ച രാഷ്ട്രീയ തീരുമാനമാണെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. മതപരമായ വികാരം മാനിച്ചുകൊണ്ടു തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞ് എടുത്ത ന്നിലപാടിന് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കും. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെടാൻ ഇത് ഇടയാക്കുമെന്നും ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.

രാമഭക്തരുടെയും ഹിന്ദുക്കളുടെയും വികാരത്തെ വ്രണപ്പെടുത്താതെ കോൺഗ്രസിന് തീരുമാനം എടുക്കാൻ സാധിച്ചു എന്ന ആശ്വാസത്തിലാണ് മുസ്‍ലിം ലീഗ്. ഇതിലെ രാഷ്ട്രീയം വിശദീകരിക്കുക വഴി പൊതുസമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനും സാധിക്കും. കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര - ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയും ലീഗിനുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News