വീൽചെയറും സ്‌ട്രെച്ചറുമില്ല, രോഗികളെ ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥ; പാലക്കാട് ജില്ലാ ആശുപത്രിയിലെ ദുരിതക്കാഴ്ച
ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ ഒപ്പമെത്തുന്നവർക്ക് ചുമന്ന് കൊണ്ട് പോകേണ്ട അവസ്ഥ. അത്യാഹിത വിഭാഗത്തിൽ ആവശ്യമായ വീൽചെയറുകളോ സ്ട്രക്ചറുകളോ ഇല്ലാതെ രോഗികൾ വലയുകയാണ്. രോഗികളെ തൂക്കിയെടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയവർക്ക് ഈ ദുരനുഭവം ഉണ്ടായത്. കാലിന് സാരമായി പരിക്കേറ്റ തിരുനെല്ലായി സ്വദേശി അയ്യപ്പനാണ് ദുരനുഭവം ഉണ്ടായത്. അബോധാവസ്ഥയിലുള്ള രോഗിക്ക് സ്ട്രക്ചർ നിർബന്ധമാണെന്നിരിക്കെ വീൽചെയറിലാണ് കൊണ്ടുപോയത്. മറ്റൊരു രോഗിയെ കുറേ പേർ ചേർന്ന് ചുമന്നു കൊണ്ടുപോയി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആംബുലൻസ് ഡ്രൈവറായ ഗോപി സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, ആശുപത്രിയിൽ ആവശ്യത്തിന് സ്ട്രക്ചറുകളും വീൽ ചെയറുകളുമുണ്ടെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് പറയുന്നത്. ഹെൽപ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ടാൽ സഹായം ലഭിക്കുമെന്നും അധികൃതർ പറയുന്നു. എന്നാൽ അപകടം സംഭവിച്ച് അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് ഇവിടെ ഹെൽപ് ഡെസ്‌ക് കാണാൻ കഴിയില്ല. പിന്നെയുള്ളവഴി സ്വന്തം കൈയ്യിൽ രോഗിയും താങ്ങി ഡോക്ടർക്ക് മുന്നിലെത്തിക്കലാണ്.അധികൃതർ അവകാശപ്പെടുന്നത് പോലെ എല്ലാം സംവിധനവുമുണ്ടെങ്കിൽ എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനും അവർ തന്നെ മറുപടി നൽകണമെന്നും രോഗികൾ ആവശ്യപ്പെടുന്നു.