പുല്ലും കാടിവെള്ളവും മാത്രമല്ല, നോണ്‍ വെജും കഴിക്കും ഈ കുറുമ്പി
വീട്ടിൽ നോൺവെജുണ്ടെങ്കിൽ അതിന്റെ ഒരു പങ്ക് കുറുമ്പി പശുവിനുമുള്ളതാണ്
പുല്ലും കാടി വെള്ളവും കാലിത്തീറ്റയുമൊക്കെ മാത്രം തിന്ന് വിശപ്പടക്കുന്ന പശുക്കൾക്കിടയിൽ വ്യത്യസ്തയാണ് കോട്ടയം പൈകയിലെ കുറുമ്പിയെന്ന പശു. വെജിറ്റേറിയനൊപ്പം നോൺ വെജിറ്റേറിയനും അകത്താക്കും ഈ കുറുമ്പി. പേര് പോലെ തന്നെ ആളൽപം കുറുമ്പിയാണ്.
പൈക ഉരുളികുന്നം പള്ളത്ത് രാജേഷിന്റെ പശുവാണ് കുറുമ്പി. ഒരു വർഷം മുൻപാണ് കുറുമ്പിയെ രാജേഷ് വാങ്ങിയത്. മക്കളായ അദ്രജയും അലോഗുമാണ് അന്നു മുതല്‍ കുറുമ്പിയുടെ പരിപാലകർ. ഇവരാണ് നോൺ വെജിറ്റേറിയൻ ഭക്ഷണത്തോടുള്ള കുറുമ്പിയുടെ ഇഷ്ടവും കണ്ടെത്തിയത്.
ഒരിക്കല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇറച്ചിയുടെ കഷണം പശുവിന് കൊടുത്തു. പിന്നീട് അത് പതിവായി. ഇപ്പോൾ വീട്ടിൽ നോൺവെജുണ്ടെങ്കിൽ അതിന്റെ ഒരു പങ്ക് കുറുമ്പി പശുവിനുമുള്ളതാണ്. ആരോടും എളുപ്പം അടുക്കുന്ന സ്വഭാവമാണ് കുറുമ്പിയുടേത്. ഇതിനോടകം വീട്ടുകാരുടെ മാത്രമല്ല നാട്ടുകാരുടെയും സ്നേഹം ഈ പശു നേടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ 8 മാസം ഗർഭിണികൂടിയാണ് കുറുമ്പിയെന്ന ഈ പശു. പ്രത്യേകത അറിഞ്ഞ് നോൺ വെജ് പാഴ്സലുമായി കുറുമ്പിയെ സന്ദർശിക്കാനും ആളുകളെത്തുന്നുണ്ട്.