'എല്ലാ ആവശ്യങ്ങളും അംഗീകരിച്ചില്ല'; എൻഡോസൾഫാൻ ഇരകൾക്ക് നീതിക്കായുള്ള സമരം തുടരുമെന്ന് ദയാബായി
സമരസമിതി പ്രതിനിധികളുമായി മന്ത്രിമാരായ ആർ. ബിന്ദുവും വീണാ ജോർജും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ദയാബായിയെ അറിയിച്ചിരുന്നു
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി ഉറപ്പാക്കാനായി തിരുവനന്തപുരത്ത് ദയാബായി ആരംഭിച്ച സമരം തുടരും. ദയാഭായി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് തീരുമാനം. നേരത്തെ സമരസമിതി പ്രതിനിധികളുമായി മന്ത്രിമാരായ ആർ. ബിന്ദുവും വീണാ ജോർജും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ദയാബായിയെ അറിയിച്ചിരുന്നു.
സമര സമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം സർക്കാർ ഉറപ്പ് നൽകിയാൽ മാത്രം സമരം അവസാനിപ്പിക്കാമെന്ന് ദയാബായി വ്യക്തമാക്കിയിരുന്നു. എന്നാൽ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം മാത്രമാണ് സർക്കാർ അംഗീകരിച്ചത്. എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി ദയാബായി നിരാഹാര സമരം നടത്തുകയായിരുന്നു. സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.
പാലിയേറ്റീവ് കെയറുകൾ ജില്ലയിലുടനീളം സ്ഥാപിക്കുകയെന്ന സമരസമിതിയുടെ ആവശ്യം സർക്കാർ നൽകിയ രേഖയിൽ പരാമർശിച്ചിട്ടേയില്ല. രണ്ട് മാസം കൂടുമ്പോൾ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യത്തോടും സർക്കാർ മുഖം തിരിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ ആശുപത്രികളിലും ന്യൂറോ സേവനം ഉറപ്പാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് അംഗീകരിച്ചില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രമേ ന്യൂറോ സേവനം ലഭ്യമാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ദയാബായി സമരം തുടരുമെന്ന് അറിയിച്ചത്. സമര സമിതി നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും സർക്കാർ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചർച്ചയിൽ വിശദീകരിച്ചുവെന്നുമായിരുന്നു മന്ത്രി വീണാ ജോർജിന്റെ പ്രതികരണം.