ബി.ജെ.പി വോട്ടുകൾ ലഭിച്ചില്ല; കോട്ടയത്ത് നേട്ടമുണ്ടാക്കാൻ കഴിയാത്തതിൽ ബി.ഡി.ജെ.എസിന് അതൃപ്തി
പരമ്പരാഗത ബി.ജെ.പി വോട്ടുകൾ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാത്തതിൽ ബി.ഡി.ജെ.എസിന് അതൃപ്തി. പരമ്പരാഗത ബി.ജെ.പി വോട്ടുകൾ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ഉയർത്താനായത് മാത്രമാണ് ബി.ഡി.ജെ.എസിന് ആശ്വസിക്കാൻ വക നൽകുന്ന കാര്യം.
കോട്ടയത്ത് ആദ്യം മത്സരിക്കുന്നതിന് താൽപര്യമില്ലായിരുന്ന തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ നേതൃത്വത്തിൻ്റെ സമ്മർദത്തെ തുടർന്നാണ് മത്സരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ പിന്നീട് സജീവമായ ബി.ഡി.ജെ.എസ്, താഴെ തട്ടിൽ ശക്തമായ പ്രവർത്തനം നടത്തി. എസ്.എന്‍.ഡി.പി യൂണിയൻ നേതാക്കാൾ വീടുകൾ കയറി പ്രചാരണം നടത്തി.
തുഷാറിനായി അമ്മ പ്രീതി നടശേടനും ഭാര്യയും കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. രണ്ടര ലക്ഷം വോട്ടെങ്കിലും നേടാമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി. എന്നാൽ കഴിഞ്ഞ തവണ പി.സി തോമസിന് ലഭിച്ച ഒരു ലക്ഷത്തി അൻപതിനായിരം വോട്ടിനെക്കാൾ പതിനായിരം വോട്ടു മാത്രമാണ് കൂടുതൽ കിട്ടിയത്. ബി.ജെ.പി- നായർ വോട്ടുകൾ തുഷാറിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മാര്‍ഥമായ പിന്തുണ ലഭിച്ചില്ല. സമാന്തരമായി പ്രചാരണം ഏകോപിച്ചാണ് ബി.ഡി.ജെ.എസ്, തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗം ചർച്ച ചെയ്യും. അതൃപ്തി ബി.ജെ.പി ദേശീയ നേതൃത്വത്തെ ധരിപ്പിക്കും. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലേക്ക് തിരിച്ചു. അതേസമയം ബി.ജെ.പി വോട്ടുകൾക്ക് ഇളക്കം തട്ടിയിട്ടില്ലെന്നും ബി.ഡി.ജെ.എസ് വോട്ടുകളിലാണ് കുറവുണ്ടായെന്നും ബി.ജെ.പി നേതക്കൾ വ്യക്തമാക്കി.