'ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല'; ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാതെ സർക്കാർ
തട്ടിപ്പുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സർക്കാരും സിപിഎമ്മും ആവർത്തിക്കുന്നു. എന്നാൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കണക്കിന്റെ കാര്യത്തിൽ സർക്കാരിന്റെ ഒളിച്ചു കളിയും തുടരുകയാണ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാതെ സർക്കാർ. ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിന് എത്ര അപേക്ഷകൾ ലഭിച്ചു, ആകെ എത്ര തുക അനുവദിച്ചു തുടങ്ങിയ വിവരാവകാശത്തിലെ ചോദ്യങ്ങൾക്കാണ് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന സർക്കാരിന്റെ മറുപടി. ദുരിതാശ്വാസനിധിയിലെ വമ്പൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തിയതിനിടയാണ് വിവരാവകാശ രേഖയും പുറത്തുവന്നത്.
സാധാരണക്കാർക്ക് ആശ്വാസമാകേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പുകാർ കയ്യിട്ടുവാരിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തട്ടിപ്പുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സർക്കാരും സിപിഎമ്മും ആവർത്തിക്കുന്നു. എന്നാൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കണക്കിന്റെ കാര്യത്തിൽ സർക്കാരിന്റെ ഒളിച്ചു കളിയും തുടരുകയാണ്.
2016 മുതൽ 2022 വരെയുള്ള കാലയളവിൽ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിന് എത്ര അപേക്ഷകൾ ലഭിച്ചു, ധനസഹായം അനുവദിച്ച അപേക്ഷകളുടെ എണ്ണം, അനുവദിച്ച ആകെ തുക തുടങ്ങിയ വിവരാവകാശത്തിലെ ചോദ്യങ്ങൾക്ക് ലഭിച്ചത് ഒരേ ഉത്തരം. ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഓൺലൈൻ ആയാണ് നടക്കുന്നതെന്നും അതിനാൽ പ്രാഥമിക വിവരങ്ങൾ പോലും ലഭ്യമല്ലെന്നുമാണ് റവന്യൂ വകുപ്പിന് കീഴിലെ ഡി.ആർ.എഫ്.എ മറുപടി നൽകിയത്.
ഇത് സംബന്ധിച്ച് അപ്പീൽ നൽകി മാസങ്ങൾ പിന്നിട്ടിട്ടും വിവരാവകാശ കമ്മീഷൻ ഹിയറിങ്ങിന് പോലും വിളിപ്പിച്ചിട്ടില്ലെന്നും അപേക്ഷകൻ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നതിന്റെ കാരണം അത് സൂക്ഷിക്കേണ്ടവരുടെ വീഴ്ച കൂടിയാണെന്നിരിക്കെയാണ് വിവരാവകാശത്തിലെ സർക്കാർ മറുപടി ശ്രദ്ധേയമാകുന്നത്.